AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala: ‘ഇത്രയും തിരക്ക് കണ്ടിട്ടില്ല, ഇങ്ങനെയൊരു ആള്‍ക്കൂട്ടം വരാന്‍ പാടില്ലായിരുന്നു’; ബുക്ക് ചെയ്ത തീയതിയ്ക്ക് മുമ്പ് ഭക്തരെത്തുന്നു

Sabarimala Mandala Kalam Crowd Update: രണ്ടാം ദിവസത്തിലുണ്ടായ തിരക്ക് അപ്രതീക്ഷിതം. അപകടകരമായ തിരക്കാണ് നിലവില്‍. ക്യൂവില്‍ അധിക സമയം നില്‍ക്കാതെ പലരും ചാടി വരുന്നുണ്ട്. ലോവര്‍ തിരുമുറ്റം കണ്ടിട്ട് ഇപ്പോള്‍ തനിക്ക് തന്നെ ഭയമാകുന്നു.

Sabarimala: ‘ഇത്രയും തിരക്ക് കണ്ടിട്ടില്ല, ഇങ്ങനെയൊരു ആള്‍ക്കൂട്ടം വരാന്‍ പാടില്ലായിരുന്നു’; ബുക്ക് ചെയ്ത തീയതിയ്ക്ക് മുമ്പ് ഭക്തരെത്തുന്നു
ശബരിമലImage Credit source: PTI
shiji-mk
Shiji M K | Updated On: 18 Nov 2025 14:07 PM

പമ്പ: ശബരിമലയില്‍ അനുഭവപ്പെടുന്ന ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസം ആയപ്പോഴേക്ക് താന്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഭക്തര്‍ വരിയില്‍ നില്‍ക്കാത്തതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.

രണ്ടാം ദിവസത്തിലുണ്ടായ തിരക്ക് അപ്രതീക്ഷിതം. അപകടകരമായ തിരക്കാണ് നിലവില്‍. ക്യൂവില്‍ അധിക സമയം നില്‍ക്കാതെ പലരും ചാടി വരുന്നുണ്ട്. ലോവര്‍ തിരുമുറ്റം കണ്ടിട്ട് ഇപ്പോള്‍ തനിക്ക് തന്നെ ഭയമാകുന്നു. ഇവരെയെല്ലാം പതുക്കെ പതിനെട്ടാം പടി കയറ്റിവിടാന്‍ ചാര്‍ജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഇങ്ങനെയൊരു ആള്‍ക്കൂട്ടം ഒരിക്കലും ഇവിടെ വരാന്‍ പാടില്ലായിരുന്നു. പമ്പയില്‍ എത്തിയതിന് ശേഷം അധിക സമയം ആളുകളെ കാത്തിരിപ്പിക്കുന്നത് ഒഴിവാക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീജിത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

മരകൂട്ടം മുതല്‍ ശരംകുത്തി വരെ ഇരുതോളം ക്യൂ കോംപ്ലക്‌സുകള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ ഉദ്ദേശം നടപ്പായില്ല. പോലീസിന്റെ തെറ്റല്ല അത്. ക്യൂ കോംപ്ലക്‌സിലേക്ക് ആളുകള്‍ കയറുന്നില്ല. അവിടെ ഇരിക്കുന്നവര്‍ക്ക് വെള്ളവും ബിസ്‌ക്കറ്റും നല്‍കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഇന്നോ നാളെയോ ആയി അത് നടപ്പാക്കും. ക്യൂ കോംപ്ലക്‌സില്‍ ഭക്തരെ കയറ്റുന്നതിനായുള്ള അനൗണ്‍സ്‌മെന്റ് സംവിധാനം സജ്ജമാക്കും, അവിടെ ഇരിക്കുന്ന ആളുകള്‍ ബോധരഹിതരാകുന്ന സ്ഥിതി ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌പോട്ട് ബുക്കിങ്ങിനായി ഏഴ് അധിക സ്‌പോട്ടുകള്‍ നിലയ്ക്കലില്‍ സ്ഥാപിക്കും. പമ്പയില്‍ നിലവില്‍ നാലെണ്ണമുണ്ട്. നിലയ്ക്കലില്‍ നിന്ന് പുറപ്പെട്ട് പമ്പയില്‍ എത്തിയാല്‍ കൃത്യമായി പോകുന്ന സാഹചര്യമുണ്ടാകണം. കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി ഭക്തരുടെ അടുത്തേക്ക് വെള്ളവുമായി എത്താനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Sabarimala Crowd :ശബരിമലയിൽ ദർശനസമയം നീട്ടി; പോലീസ് നിയന്ത്രണം പാളി, ഭക്തർ മണിക്കൂറോളം ക്യൂവിൽ

അതേസമയം, വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരില്‍ പലരും തിരഞ്ഞെടുത്ത തീയതിയ്ക്ക് മുമ്പാണ് ദര്‍ശനം നടത്തുന്നതെന്ന് എഡിജിപി എസ് ശ്രീജിത്ത്. ഇത്തരത്തില്‍ പലരും ക്ഷേത്രത്തിലേക്ക് നേരത്തെ എത്തുന്നത് തിരക്ക് വര്‍ധിക്കുന്നതിന് കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.