ബധിരർക്കായി സദ്ഗുരുവിൻ്റെ ‘മിറക്കിൾ ഓഫ് മൈൻഡ്’; വൈബ്രേഷൻ പാറ്റേണുകൾ ഉപയോഗിച്ച് ധ്യാന പരിശീലനം
ബധിരർക്കും ശ്രവണ വൈകല്യമുള്ളവർക്കും ധ്യാനം സ്വതന്ത്രമായി പരിശീലിക്കാൻ കഴിയുന്ന ഒരു രീതി രൂപപ്പെടുത്തുക എന്നതായിരുന്നു ഈ സംരംഭത്തിൻ്റെ പ്രധാന ലക്ഷ്യം.
തിരുവനന്തപുരം : എല്ലാവർക്കും ധ്യാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈശ ഫൗണ്ടേഷൻ തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലെ (NISH) ബധിരരായ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി ‘മിറക്കിൾ ഓഫ് മൈൻഡ്’ ധ്യാന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രത്യേക ധ്യാന പരിശീലന ക്ലാസിൽ സദ്ഗുരുവിന്റെ ‘മിറക്കിൾ ഓഫ് മൈൻഡ്’ എന്ന ഏഴ് മിനിറ്റ് ഫ്രീ മെഡിറ്റേഷൻ ആപ്പ് അവതരിപ്പിക്കുകയും ചെയ്തു.
ബധിരർക്കും ശ്രവണ വൈകല്യമുള്ളവർക്കും ധ്യാനം സ്വതന്ത്രമായി പരിശീലിക്കാൻ കഴിയുന്ന ഒരു രീതി രൂപപ്പെടുത്തുക എന്നതായിരുന്നു ഈ സംരംഭത്തിൻ്റെ പ്രധാന ലക്ഷ്യം. ഈശ വളൻ്റിയർമാർ, NISH, പാരാലിമ്പിക് റൈഫിൾ ഷൂട്ടർ സിദ്ധാർത്ഥ ബാബു എന്നിവർ സംയുക്തമായാണ് ഈ ദൗത്യം ഏറ്റെടുത്തത്. ധ്യാനത്തിലെ നിർദ്ദേശങ്ങൾ സൂചിപ്പിക്കാനായി ആദ്യം പ്രകാശത്തെ അടിസ്ഥാനമാക്കിയുള്ള ഒരു രീതി പരീക്ഷിച്ചിരുന്നു. എന്നാൽ ഇത് വീട്ടിൽ പരിശീലിക്കാൻ പ്രായോഗികമല്ലാത്തതിനാൽ, ധ്യാനത്തെ വൈബ്രേഷൻ പാറ്റേണുകളായി രൂപാന്തരപ്പെടുത്താൻ തീരുമാനിച്ചു.
NISH-ലെ ക്രിയേറ്റീവ് മീഡിയ എഡിറ്ററായ അരവിന്ദ്, ബധിര സമൂഹവുമായി പ്രവർത്തിച്ച് വലിയ അനുഭവമുള്ള അശ്വതി എന്നിവർ ചേർന്നാണ് ധ്യാനം മൊബൈൽ ഉപകരണങ്ങളിൽ എവിടെയും എപ്പോഴും പരിശീലിക്കാൻ കഴിയുന്ന രീതിയിൽ വൈബ്രേഷൻ പാറ്റേണുകളിലേക്ക് മാറ്റിയെടുത്തത്.
നിലവിൽ ആപ്പ് ബധിരർക്ക് പൂർണ്ണമായി പ്രാപ്യമല്ലെങ്കിലും, ഈ സംരംഭം ‘മിറക്കിൾ ഓഫ് മൈൻഡ്’ ഈ സമൂഹത്തിനായി ഉൾക്കൊള്ളുന്ന രീതിയിൽ മാറ്റിയെടുക്കുന്നതിനുള്ള ആദ്യ ചുവടുവെയ്പ്പാണ്. ഭാവിയിൽ കൂടുതൽ നൂതനമായതും പ്രാപ്യവുമായ ധ്യാനാനുഭവങ്ങൾ ഒരുക്കുന്നതിന് ഇത് വഴിയൊരുക്കും. ഈ ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.