Shan Murder Case: ഷാന്‍ വധക്കേസ് പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
Shan Murder Case Accused RSS Workers Bail: കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കേസിലെ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കാനാകില്ല.

കൊല്ലപ്പെട്ട ഷാന്‍
ന്യൂഡല്‍ഹി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാനവാസ് കൊലക്കേസ് പ്രതികള്‍ക്ക് ജാമ്യം. കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കേസിലെ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കാനാകില്ല. വിചാരണ നടപടികളില്‍ പൂര്‍ണമായ സഹകരണം ഉണ്ടായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അഞ്ചുപേരുടെയും ജാമ്യം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജാമ്യവ്യവസ്ഥയില്‍ വിചാരണക്കോടതിക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
അതേസമയം, കേസിലെ പ്രതികളായ ഒന്‍പത് പേര്‍ക്ക് നേരത്തെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാലുപേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഈ വിധിക്കെതിരെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
2021 ഡിസംബര്‍ 18ന് ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ചാണ് കെഎസ് ഷാനിനെ കൊലപ്പെടുത്തിയത്. പിറ്റേ ദിവസം രാവിലെ ബിജെപി നേതാവായ രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴയിലെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തി. ഈ കേസിലെ പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷയാണ് വിധിച്ചത്.