Devaswom Board Shanthi Recruitment: പാർട്ട്-ടൈം പൂജാരിയാകാൻ ദേവസ്വം ബോർഡ് അംഗീകരിച്ച തന്ത്ര വിദ്യാലയ സർട്ടിഫിക്കറ്റ് മതിയോ? പുതിയ വിധിയെത്തി
Shanthi Recruitment: താന്ത്രിക വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളെ വിലയിരുത്താനും അംഗീകരിക്കാനുമുള്ള വൈദഗ്ധ്യമോ നിയമപരമായ അധികാരമോ ദേവസ്വം ബോർഡിനും റിക്രൂട്ട്‌മെന്റ് ബോർഡിനും ഇല്ലെന്നായിരുന്നു തന്ത്രി സമാജത്തിന്റെ പ്രധാന ആക്ഷേപം.
എറണാകുളം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പാർട്ട്-ടൈം ശാന്തി നിയമനത്തിനായി ബോർഡും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡും അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് മതിയാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2023-ൽ ദേവസ്വം ബോർഡിലെ പാർട്ട് ടൈം തന്ത്രിമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ യോഗ്യത ചോദ്യം ചെയ്ത് അഖില കേരള തന്ത്രി സമാജം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.
ഹർജിക്കാരുടെ വാദങ്ങൾ തള്ളി
താന്ത്രിക വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളെ വിലയിരുത്താനും അംഗീകരിക്കാനുമുള്ള വൈദഗ്ധ്യമോ നിയമപരമായ അധികാരമോ ദേവസ്വം ബോർഡിനും റിക്രൂട്ട്‌മെന്റ് ബോർഡിനും ഇല്ലെന്നായിരുന്നു തന്ത്രി സമാജത്തിന്റെ പ്രധാന ആക്ഷേപം. എന്നാൽ, ഹർജിക്കാരുടെ ഈ വാദങ്ങൾ കോടതി തള്ളി. പാരമ്പര്യ തന്ത്രിമാരുടെ കീഴിൽ പൂജ പഠിച്ചവരെ മാത്രമേ ശാന്തിമാരായി നിയമിക്കാവൂ എന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ശാന്തിയായി നിയമിക്കുന്നതിന് ഒരു പ്രത്യേക വിഭാഗത്തിൽനിന്നോ പാരമ്പര്യത്തിൽനിന്നോ ഉള്ളവർക്ക് മാത്രമാണ് യോഗ്യത എന്നുള്ളത് മതപരമായ ആചാരങ്ങളോ ആരാധനകളോ പ്രകാരമുള്ള ഉറച്ച ആവശ്യമല്ല. ഇക്കാര്യത്തിൽ അതിനുള്ള വസ്തുതാപരവും നിയമപരവുമായ അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.
ആത്മീയ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തവരെ ശാന്തി തസ്തികയ്ക്ക് പരിഗണിക്കുന്നത് തങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന ഹർജിക്കാരുടെ വാദവും നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.
പാരമ്പര്യ തന്ത്രിമാരിൽനിന്ന് നേരിട്ട് പൂജ പഠിച്ചവർക്ക് അപേക്ഷിക്കാൻ കഴിയുന്നില്ല, തന്ത്രിമാർ നൽകുന്ന സർട്ടിഫിക്കറ്റിന് മതിയായ വില കൽപിക്കുന്നില്ല എന്നീ ആക്ഷേപങ്ങൾ ഹർജിക്കാർ ഉന്നയിച്ചിരുന്നെങ്കിലും, ഈ അപാകതകൾ ബോർഡ് പിന്നീട് പരിഹരിച്ചിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ട്രാവൻകൂർ- കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻസ് നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ച് ടിഡിബി കൊണ്ടുവന്ന ചട്ടങ്ങൾ അംഗീകരിച്ചാണ് നടപടികളെന്നും കോടതി വ്യക്തമാക്കി.
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് തയ്യാറാക്കിയ പാഠ്യക്രമത്തിൽ വേദഗ്രന്ഥങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധന രീതികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗ്യതയുള്ള പണ്ഡിതരും തന്ത്രിമാരുമാണ് ഇത് പഠിപ്പിക്കുന്നത്. ഒന്നു മുതൽ അഞ്ച് വർഷം വരെയുള്ള കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രവേശന ചടങ്ങുകളുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നുള്ള അന്തിമ തിരഞ്ഞെടുപ്പ് കർശനമായ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ്. ഇതിനായുള്ള സമിതിയിൽ പണ്ഡിതന്മാരും പ്രശസ്തനായ തന്ത്രിയുമുണ്ട്. നിയമനത്തിന് മുൻപ് ഉദ്യോഗാർത്ഥികളുടെ യോഗ്യത വീണ്ടും പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.