Shiva Priya Death: ശിവപ്രിയയുടെ മരണം; അന്വേഷണത്തിന് വിദഗ്ധ സമിതി, രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
Shiva Priya Death: എസ്എടി ആശുപത്രിയിൽ പ്രസവിച്ച ജെ.ആർ. ശിവപ്രിയയാണ് (26) 18–ാം ദിവസം മരിച്ചത്. ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയെ തുടർന്നാണ് യുവതി മരിച്ചതെന്ന പരാതിയിലാണ് അന്വേഷണം.

Shiva Priya Death
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. ശ്രീ അവിട്ടം തിരുനാൾ (എസ്എടി) ആശുപത്രിയിൽ പ്രസവിച്ച ജെ.ആർ. ശിവപ്രിയയാണ് (26) 18–ാം ദിവസം മരിച്ചത്. ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയെ തുടർന്നാണ് യുവതി മരിച്ചതെന്ന പരാതിയിലാണ് അന്വേഷണം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ധർ ആയിരിക്കും പരാതി അന്വേഷിക്കുക. ക്രിട്ടിക്കൽ കെയർ, ഇൻഫക്ഷൻ ഡിസീസ്, ഗൈനക്കോളജി വിഭാഗം മേധാവിമാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തും. ഡെർമറ്റോളജി വിദഗ്ധനും അന്വേഷണ സംഘത്തിൽ ഉണ്ടാകും. അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കണം എന്നാണ് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം.
കഴിഞ്ഞ ദിവസമാണ് 26 കാരിയായ കരിയ്ക്കകം സ്വദേശി ശിവപ്രിയ മരിച്ചത്. കരിക്കകം ശ്രീരാഗം റോഡിൽ വാടകയ്ക്കു താമസിക്കുന്ന മനുവിന്റെ ഭാര്യയാണ് ശിവപ്രിയ. ഒക്ടോബർ 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. അവിടെ നിന്ന് അണുബാധ ഉണ്ടായതാണ് എന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തിൽ നവജാതശിശുവുമായി ബന്ധുക്കൾ എസ്എടി ആശുപത്രി വളപ്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ശിവപ്രിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുനൽകും.
Also Read:കൊച്ചി തമ്മനത്ത് 1.35 കോടി ലിറ്റർ ശേഷിയുള്ള ജലസംഭരണി തകർന്നു; വീടുകളിൽ വെള്ളം കയറുന്നു
അതേസമയം യുവതി മരിച്ച സംഭവത്തിൽ എസ്എടി ആശുപത്രി അധികൃതര്‍ വിശദീകരണവുമായി രംഗത്ത് എത്തി. പ്രസവം കഴിഞ്ഞ് ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളില്‍ ശിവപ്രിയയ്ക്കും കുഞ്ഞിനും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്നാണ് എസ്എടി ആശുപത്രി സൂപ്രണ്ട് പറയുന്നത്. ശിവപ്രിയ ആരോഗ്യവതിയെന്ന് പരിശോധനയില്‍ വ്യക്തമായ ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും ആശുപത്രിയിൽനിന്ന് അണുബാധയുണ്ടായെന്നത് ആരോപണം മാത്രമാണെന്നും സൂപ്രണ്ട് വിശദീകരിച്ചു.
ആശുപത്രിയിൽ അണുബാധയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടോ എന്ന് നോക്കാൻ എല്ലാ മാസവും ലേബർ റൂമും ഐസിയുവും ഉൾപ്പെടെ മൈക്രോ ബയോളജി സംഘം പരിശോധന നടത്താറുണ്ട്. ഈ മാസം ശിവപ്രിയ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ പരിശോധന പൂർത്തിയാക്കി പ്രശ്നങ്ങളില്ലെന്നു കണ്ടെത്തിയിരുന്നു.