Kasaragod Earthquake: കാസർകോട് നേരിയ ഭൂചലനം; അസാധാരണ ശബ്ദം കേട്ടതായി പ്രദേശവാസികൾ
Kasaragod Earthquake Update: പുലർച്ചെ 1.35 ഓടെയാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. വീടിനുള്ളിലെ കട്ടിൽ ഉൾപ്പെടെ കുലുങ്ങിയതായും പ്രദേശവാസികൾ വ്യക്തമാക്കിയിട്ടുണ്ട്. പരപ്പ, മാലോം, നർക്കിലക്കാട്, പാലംകല്ല്, തടിയൻ വളപ്പ് ഭാഗത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടു.

കാസർകോട്: കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. പ്രദേശത്ത് നിന്ന് അസാധാരണ ശബ്ദം കേട്ടതായും ഗ്രാമവാസികൾ പറഞ്ഞു. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി മേഖലയിലും ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ അഞ്ച് സെക്കൻഡ് നേരത്തോളും ശബ്ദം കേട്ടതായാണ് വിവരം.
വീടിനുള്ളിലെ കട്ടിൽ ഉൾപ്പെടെ കുലുങ്ങിയതായും പ്രദേശവാസികൾ വ്യക്തമാക്കിയിട്ടുണ്ട്. പരപ്പ, മാലോം, നർക്കിലക്കാട്, പാലംകല്ല്, തടിയൻ വളപ്പ് ഭാഗത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശബ്ദം കേട്ടതിനെ തുടർന്ന് ചുള്ളിക്കര കാഞ്ഞിരത്തടിയിൽ പലരും വീട്ടിൽ നിന്നും പുറത്തേക്ക് ഓടി. എന്നാൽ വൻ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് വിദഗ്ധ സമിതി ഇന്ന് സ്ഥലത്തെത്തി പഠനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം
കൊച്ചിയിൽ ട്രാൻസ് വുമണിന് നേരെ അജ്ഞാതരുടെ ക്രൂരത. ഇരുമ്പ് വടികൊണ്ടാണ് അജ്ഞാതർ ട്രാൻസ് വുമണിനെ മർദ്ദിച്ചത്. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പാലാരിവട്ടത്ത് മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്ത് നിൽക്കവെയാണ് മർദ്ദനമുണ്ടായത്. സംഭവത്തിൽ ട്രാൻസ് ജെൻഡേർസ് ആക്ട് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിന് നേരെയാണ് മർദ്ദനം നടന്നത്. അജ്ഞാതരിൽ ഒരാൾ ഇവർക്ക് നേരെ അസഭ്യം പറയുകയും ഇരുമ്പ് വടി കൊണ്ട് അടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മർദനത്തിൽ ട്രാൻസ് വുമണിന് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. കാലിനും കൈവിരലിനുമാണ് പരിക്കേറ്റത്. അതിൽ കൈവിരലിന് പൊട്ടലുണ്ടെന്നാണ് വിവരം.