Kerala High Court : മാതാപിതാക്കൾ ഈശ്വരന് തുല്യം, അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മക്കൾക്ക്; ഹൈക്കോടതി
Kerala High Court Order To Take Elder Parents : മലപ്പുറം സ്വദേശി നൽകിയ ഹർജയിന്മേലാണ് കോടതിയുടെ വിധി. പ്രായമായ മാതാപിതാക്കളെ അവഗണിക്കുന്നത് സമൂഹത്തിൻ്റെ അടിത്തറയെ തന്നെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു

കൊച്ചി : പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതും അവർക്ക് ചിലവ് നൽകേണ്ടതും മക്കളുടെ ഉത്തരവാദിത്വമാണെന്ന് സംസ്ഥാന ഹൈക്കോടതി. വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നത് സമൂഹത്തിൻ്റെ അടിത്തറയെ തന്നെ ബാധിക്കുമെന്നും കോടതി അറിയിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 74കാരൻ്റെ പരാതിയിലാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്. 74കാരനെ സംരക്ഷിക്കേണ്ടതും ചിലവിന് നൽകേണ്ടതും ആൺമക്കളുടെ ഉത്തരവാദിത്വമാണെന്ന് അറിയിച്ചുകൊണ്ട് ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉത്തരവിട്ടത്.
രണ്ടാമത് വിവാഹം ചെയ്ത പിതാവിന് സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കാനാകുമെന്ന 74കാരൻ്റെ മൂന്ന് മക്കളുടെ വാദം തിരൂർ കുടുംബക്കോടതി അംഗീകരിക്കുകയായിരുന്നു. ഈ വിധിക്കെതിരെ 74കാരൻ ഹൈക്കോടതി സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയായിരുന്നു വയോധികൻ. മക്കളെ കഷ്ടപ്പെട്ട് വളർത്തുന്ന പിതാവിനെ പ്രായമാകുമ്പോൾ സംരിക്ഷക്കേണ്ടതും പരിപാലിക്കേണ്ടതുമായി ഉത്തരവാദിത്വം ആൺമക്കൾക്കാണുള്ളത്. ധാർമികമായ ചുമതലയല്ല അത് നിയമപരമായ ഉത്തരവാദിത്വവുമാണെന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധിയിൽ പറഞ്ഞത്.
മാതാപിതാക്കൾ ദൈവത്തിന് തുല്യമാണെന്ന് കോടതി വേദോപനിഷത്ത്, ഖുർആൻ, ബൈബിൾ തുടങ്ങിയ ഗ്രന്ഥങ്ങളെ ഉദ്ദരിച്ചുകൊണ്ട് പറഞ്ഞു. വയോധികരായ മാതാപിതാക്കൾക്ക് മറ്റുള്ളവർ സാമ്പത്തിക സഹായം നൽകുന്നതുകൊണ്ട് മക്കൾ ധനസഹായം നൽകേണ്ടതില്ല എന്നില്ലെന്നും കോടതി വിധിയിൽ കൂട്ടിച്ചേർത്തു. പരാതിക്കാരൻ്റെ ആദ്യ വിവാഹത്തിലെ മൂന്ന് ആൺമക്കളോടാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. മാസം 20,000 രൂപ ചിലവിന് നൽകണമെന്നും കോടതി വിധിച്ചു.
മൂന്ന് ആൺമക്കളും കുവൈത്തിൽ നല്ല രീതിയിൽ ജോലി ചെയ്ത് ജീവിക്കുകയാണ്. അവരിൽ നിന്നും സഹായം വേണമെന്നാവശ്യപ്പെട്ടാണ് 74കാരൻ ഹൈക്കോടതിയെ സമീപിച്ചത്. 2013ൽ ആദ്യ ഭാര്യയുമായിട്ടുള്ള ബന്ധം വേർപ്പെടുത്തിയ ഇദ്ദേഹം ഇപ്പോൾ രണ്ടാം ഭാര്യക്കൊപ്പമാണ് താമസിക്കുന്നത്.