Vande Bharat Live Booking: കോളടിച്ചല്ലോ! വന്ദേഭാരതിൽ ഇനി 15 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം; മാറ്റം ഇങ്ങനെ
Live Booking At Eight Vande Bharat: വന്ദേഭാരത് കടന്നുപോകുന്ന സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകളിൽനിന്നോ ഓൺലൈൻ വഴിയോ ട്രെയിൻ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര നടത്താം. കോട്ടയം വഴിയുള്ള വന്ദേഭാരതിൽ ഒരാഴ്ചയ്ക്കുള്ളിൽ തത്സമയ റിസർവേഷൻ ബുക്കിംങ് ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചത്.
ചെന്നൈ: വന്ദേഭാരത് യാത്രക്കാർക്ക് ഇതാ സന്തോഷവാർത്ത. ദക്ഷിണ റെയിൽവേയിൽ എട്ട് വന്ദേഭാരത് തീവണ്ടികളിൽ തത്സമയ ബുക്കിങ്ങുകൾ ആരംഭിച്ചു. ആലപ്പുഴ വഴിയുള്ള മംഗളൂരു-തിരുവനന്തപുരം-മംഗളൂരു (20631/20632) ട്രെയിൻ ഉൾപ്പെടെയാണ് പുതിയ ക്രമീകരണം. വന്ദേഭാരത് കടന്നുപോകുന്ന സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകളിൽനിന്നോ ഓൺലൈൻ വഴിയോ ട്രെയിൻ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര നടത്താം.
കോട്ടയം വഴിയുള്ള വന്ദേഭാരതിൽ ഒരാഴ്ചയ്ക്കുള്ളിൽ തത്സമയ റിസർവേഷൻ ബുക്കിംങ് ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചത്. റിസർവേഷൻ സംവിധാനത്തിൽ മാറ്റം വരുത്തുന്നതിന് കൂടുതൽസമയം വേണ്ടിവരും. അതിനാൽ ദക്ഷിണ റെയിൽവേയിലെ എല്ലാ ട്രെയിനുകളിലും ഒരേ ദിവസം തന്നെ തത്സമയ റിസർവേഷൻ ആരംഭിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഓരോന്നായി ക്രിമീകരിക്കുന്നതായിരിക്കും.
ചെന്നൈ സെൻട്രൽ – വിജയവാഡ വി ബി എക്സ്പ്രസ്, ചെന്നൈ എഗ്മോർ – നാഗർകോവിൽ വി ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), കോയമ്പത്തൂർ – ബെംഗളൂരു കന്റോൺമെന്റ് വി ബി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – തിരുവനന്തപുരം വി ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), മംഗളൂരു സെൻട്രൽ – മഡ്ഗാവ് വി ബി എക്സ്പ്രസ്, മധുര – ബെംഗളൂരു കന്റോൺമെന്റ് വി ബി എക്സ്പ്രസ് എന്നീ ട്രെയിനുകളും പുതിയ ബുക്കിങ് സൗകര്യം ലഭ്യമാക്കും.
ഓണ സമ്മാനമായി സ്പെഷ്യൽ കോച്ചുകൾ
വരുന്ന ഓണക്കാലത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രതമാകുന്ന തരത്തിൽ രാജ്യറാണിക്കും കോട്ടയം എക്സ്പ്രസിനും അധിക എസി കോച്ചുകൾ ഉൾപ്പെടെ അനുവദിക്കുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യറാണി എക്സ്പ്രസിന് ഒരു എസി ത്രീ ടയർ, ഒരു ജനറൽ കോച്ചുകളുമാണ് പുതുതായി കൂട്ടിചേർക്കുക.
കോട്ടയം എക്സ്പ്രസിന് ഒരു എസി കോച്ചും ഒരു നോൺ എസി കോച്ചും അധികമായി നൽകും. ഓണത്തിനുമുമ്പ് തന്നെ കോച്ചുകൾ ഉൾപ്പെടുത്തിയേക്കും. കോട്ടയം എക്സ്പ്രസ് കൊല്ലം വരെ നീട്ടാനും തീരുമാനമായിട്ടുണ്ട്. എറണാകുളത്തുനിന്ന് നിലമ്പൂരിലേക്ക് ട്രയൽ റൺ നടത്തിയ മെമുവും കോയമ്പത്തൂരിൽനിന്നുള്ള മെമുവും നിലമ്പൂരിലേക്ക് നീട്ടുന്നതിന് നടപടികൾ തുടരുകയാണ്. ചെന്നൈയിൽനിന്നുള്ള അനുമതി മാത്രമാണ് ഇനി ലഭിക്കേണ്ടത്.