SIR: കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കം; ബിഎൽഒമാർ വീടുകളിലെത്തി ഫോം വിതരണം ചെയ്യും
SIR To Start From Today: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കം. കേരളം അടക്കം 9 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആറിന് തുടക്കമാവുക.

പ്രതീകാത്മക ചിത്രം
കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കം. കേരളം അടക്കം 9 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇന്ന് മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് തുടക്കമാവുക. ഇന്ന് മുതൽ ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുകളിലെത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്യും.
കേരളം, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാ, ഗോവ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇന്ന് എസ്ഐആർ ആരംഭിക്കുക. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സമയത്ത് തിരക്കിട്ട് വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിൽ വിമർശനം ശക്തമാണ്. അസമിലും ഇതേ സമയത്താണ് തിരഞ്ഞെടുപ്പ്. എന്നാൽ, എസ്ഐആറിൻ്റെ ആദ്യ ഘട്ടത്തിൽ അസം ഇല്ല. നിലവിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പൗരത്വ പരിശോധന പ്രക്രിയ അസമിൽ നടന്നുവരികയാണ്. ഇത് കഴിഞ്ഞാവും എസ്ഐആർ. ഇതിനായി പ്രത്യേകം ഉത്തരവിറക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
നവംബർ നാല് മുതൽ ഡിസംബർ നാല് വരെയാണ് ബിഎൽഒമാർ വീടുകളിലെത്തി ഫോം വിതരണം ചെയ്യുക. ഈ ഫോം 2003ലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്ത് തങ്ങളുടെ പേരുകൾ ഉണ്ടോയെന്ന് വോട്ടർമാർ ഉറപ്പുവരുത്തണം. 2002 വോട്ടർ പട്ടികയാണ് ഇതിൻ്റെ ആധാരം. പേരുണ്ടെങ്കിൽ മറ്റ് രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. പേരില്ലെങ്കിൽ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്ന 12 രേഖകളിലൊന്ന് സമർപ്പിച്ച് വോട്ടവകാശം പുനസ്ഥാപിക്കാം. ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. പരാതികൾ ബോധിപ്പിക്കാൻ ഒരു മാസം സമയമുണ്ട്. 2026 ഫെബ്രുവരി ഏഴിന് പുതിയ വോട്ടർ പട്ടിക നിലവിൽ വരും.