Hema Committee Report: മൊഴികൾ ഗൗരവമുള്ളത്; ഇരകളുടെ വെളിപ്പെടുത്തലുകളിൽ കേസെടുക്കും; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണസംഘം നിയമനടപടികളിലേക്ക്
Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ വായിക്കാത്തതിനാൽ മൊഴികളിൽ അവ്യക്തത തുടരുന്നുമുണ്ട്.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേക അന്വേഷണ സംഘം നിയമനടപടികളിലേക്ക് കടക്കുന്നു. പോക്സോ സ്വഭാവമുള്ള വെളിപ്പെടുത്തലിൽ നേരിട്ട് കേസെടുക്കാൻ തീരുമാനം. ഗൗരവസ്വഭാവമുള്ള മറ്റ് 20 പരാതികളിൽ ഇരകളെ 10 ദിവസത്തിനകം അന്വേഷണ സംഘം നേരിട്ട് കാണും. നിയമനടപടി തുടരാൻ ആഗ്രഹിക്കുന്നവരുടെ മൊഴിയിൽ ഒക്ടോബർ 3-ന് കേസെടുക്കും.
സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് 290 പേജാണെങ്കിൽ യഥാർത്ഥ റിപ്പോർട്ടിന് 3896 പേജുകളുണ്ട്. വിശദമായ മൊഴിയും അനുബന്ധമായ തെളിവുകളും ചേരുന്നതാണിത്. റിപ്പോർട്ട് പൂർണമായും അന്വേഷണ സംഘത്തിലെ ഐജി സ്പർജൻ കുമാർ, ഡിഐജി അജിതാ ബീഗം, എസ്.പിമാരായ മെറിൻ ജോസഫ്, ജി. പൂങ്കുഴലി, ഐശ്വര്യ ഡോഗ്രെ എന്നീ ഉദ്യോഗസ്ഥർ അഞ്ച് ഭാഗങ്ങളായി വീതിച്ച് റിപ്പോർട്ട് ഒരുതവണ വായിച്ചു.
20-ലധികം പേരുടെ മൊഴിയിൽ നിയമനടപടിക്ക് സാധ്യതയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ ഉദ്യോഗസ്ഥരാരും റിപ്പോർട്ട് പൂർണമായും വായിക്കാത്തതിനാൽ മൊഴികളിൽ അവ്യക്തത തുടരുന്നുമുണ്ട്. അതിനാൽ പ്രത്യേക സംഘത്തിലെ മുഴുവൻ ഉദ്യോഗസഥരും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് പൂർണമായും വായിക്കാനാണ് ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് നൽകിയ നിർദ്ദേശം. പിന്നാലെ ഗൗരവമെന്ന് വിലയിരുത്തിയ 20 പേരെ ആദ്യ ഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിതാ ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെടും.
ചിലരുടെ പൂർണമായ പേരും മേൽവിലാസവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. അവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോർട്ട് തയ്യാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. മൊഴി നൽകിയവരുടെ താത്പര്യം കൂടി അറിഞ്ഞതിന് ശേഷമായിരിക്കും കേസ് എടുക്കുക. 30-ാം തീയതിക്കുള്ളിൽ ആദ്യഘട്ട മൊഴിയെടുപ്പ് പൂർത്തിയാകും. അടുത്ത മാസം 3-ന് ഹെെക്കോടതി ഹർജി പരിഗണിക്കും മുമ്പ് കേസ് രജിസ്റ്റർ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
എന്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട്
സിനിമ മേഖലയിലെ സത്രീകളുടെ തൊഴിൽ സാഹചര്യവും പ്രശ്നങ്ങളുമാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ഉള്ളത്. 2019 ഡിസംബർ 31-നാണ് സമിതി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചത്. ജസ്റ്റിസ് ഹേമ, റിട്ട ഐഎഎസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതാണ് ഹേമ കമ്മിറ്റി.
റിപ്പോർട്ടിലെ പ്രസ്തുത ഭാഗങ്ങൾ
1. ചാൻസിനായി അഡ്ജെസ്റ്റ്മെന്റിന് തയ്യാറാകണം.
2.അഡ്ജെസ്റ്റ്മെന്റിന് തയ്യാറാകുന്നവർ അറിയപ്പെടുന്നത് കോപ്പറേറ്റിംഗ് ആര്‍ട്ടിസ്റ്റുകള്‍ എന്ന പേരിൽ.
3.മലയാള സിനിമയെ നിയന്ത്രിക്കുന്നത് മാഫിയാ സംഘം.
4.രാത്രികാലങ്ങളിൽ നടിമാരുടെ വാതിലിൽ മുട്ടിവിളിക്കും.
5.ചൂഷണത്തിനായി മധ്യസ്ഥർ പ്രവർത്തിക്കുന്നു.
6.ലെെംഗിക ചൂഷണത്തെ കുറിച്ച് തുറന്ന് പറയുന്നവർക്ക് അവസരം നിഷേധിക്കുന്നു.
7.ഫോൺ വഴിയും മോശം പെരുമാറ്റം.
8.സിനിമാ സെറ്റുകളിൽ മദ്യവും ലഹരിമരുന്നിന്റെ ഉപയോഗവും വിലക്കണം.
9.സിനിമ മേഖലയിൽ സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തുന്നവർ ഇൻഡസ്ട്രിയിലെ ഉന്നതർ.
10. പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യപ്രതിഫലം നൽകണം.