Sreekumaran Thampi: ‘ഞാനും ഈ പുസ്തകം വാങ്ങി വായിച്ചു, മൂല്യം നിർണ്ണയിക്കേണ്ടത് വായനക്കാരാണ്’; അഖിൽ പി ധർമ്മരാജന് അഭിനന്ദനവുമായി ശ്രീകുമാരൻ തമ്പി
Sreekumaran Thampi Praises Akhil Dharmajan: താനും ഈ പുസ്തകം വില കൊടുത്തു വാങ്ങി വായിച്ചെന്നും, പുസ്തകത്തിന്റെ മൂല്യം നിർണയിക്കേണ്ടത് വായക്കാരാണെന്നും എഴുത്തുകാരൻ ശ്രീകുമാരൻ തമ്പി പറയുന്നു.
ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ അഖിൽ പി ധർമ്മജന് അഭിനന്ദനം നേർന്ന് എഴുത്തുകാരനായ ശ്രീകുമാരൻ തമ്പി. അഖിലിന് പുരസ്‌കാരം നൽകിയതിനെതിരെ വിമർശനങ്ങൾ ഉയർന്നുന്നതിനിടെയാണ് ശ്രീകുമാരൻ തമ്പി രംഗത്തെത്തിയിരിക്കുന്നത്. താനും ഈ പുസ്തകം വില കൊടുത്തു വാങ്ങി വായിച്ചെന്നും, പുസ്തകത്തിന്റെ മൂല്യം നിർണയിക്കേണ്ടത് വായക്കാരാണെന്നും അദ്ദേഹം പറയുന്നു. അതിൽ ഈ ചെറുപ്പക്കാരൻ വിജയിച്ചതായി താൻ വിശ്വസിക്കുന്നുവെന്നും ശ്രീകുമാർ തമ്പി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം
‘ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ അഖിൽ പി ധർമ്മജന് എന്റെ അഭിനന്ദനം’ എന്ന് പറഞ്ഞു കൊണ്ടാണ് ശ്രീകുമാരൻ തമ്പിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ 50ലേറെ പതിപ്പുകൾ പുറത്തു വരികയും, ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിയുകയും ചെയ്ത ഒരു പുസ്തകം തീർച്ചയായും വായിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറയുന്നു. തന്റെ പുസ്തകം കൂടുതൽ വായനക്കാരിൽ എത്തിച്ചേരുന്നത് ഏതൊരു എഴുത്തുകാരനും അഭിമാനകരം തന്നെയാണെന്നും, അവിടെ ”പുസ്തക മാഹാത്മ്യം” എന്ന പ്രസ്താവനക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പുസ്തകം താനും വില കൊടുത്തു വാങ്ങി വായിച്ചു. ഈ കൃതിക്ക് ലഭിച്ച അഭൂതപൂർവ്വമായ ജനപിന്തുണയാണ് വാങ്ങി വായിക്കാൻ തന്നെയും പ്രേരിപ്പിച്ചത്. ഏതൊരു പുസ്തകത്തിന്റെയും മൂല്യം നിർണ്ണയിക്കേണ്ടത് അതിന്റെ വായനക്കാരാണ്. അതിൽ ഈ ചെറുപ്പക്കാരൻ വിജയിച്ചതായി താൻ വിശ്വസിക്കുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. അഖിൽ പി ധർമ്മജന് സാഹിത്യരംഗത്ത് കൂടുതൽ ശോഭനമായ ഭാവി ആശംസിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.
ALSO READ: ഭാരതാംബ വിവാദം: പ്രതിഷേധത്തിനൊരുങ്ങി സർക്കാർ-ഗവർണർ അനുകൂലികൾ, മാർച്ച് സംഘടിപ്പിക്കും