Bharat Mata Image Controversy: ഭാരതാംബ വിവാദം: പ്രതിഷേധത്തിനൊരുങ്ങി സർക്കാർ-ഗവർണർ അനുകൂലികൾ, മാർച്ച് സംഘടിപ്പിക്കും
Kerala Bharat Mata Image Controversy: സിഐടിയു ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരൻ്റെ നിലപാടിനെതിരെ ഇന്ന് ബിജെപിയും പ്രതിഷേധിക്കും. സെക്രട്ടറിയേറ്റിന് മുന്നിൽ ഭാരതാംബയുടെ ചിത്രം വച്ച് നിലവിളക്ക് കത്തിച്ച് പുഷ്പാർച്ചന നടത്തി പ്രതിഷേധം അറിയിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് രാജ്ഭവനും സംസ്ഥാന സർക്കാരും. വിഷയം സർക്കാർ രാഷ്ട്രീയവത്കരിച്ചെന്നും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തത് സംസ്ഥാന സർക്കാരാണെന്നുമാണ് ഗവർണറുടെ പക്ഷം. അതിനാൽ ഭാരതാംബയും നിലവിളക്കും തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ.
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ഇറങ്ങിപ്പോക്കിൽ കടുത്ത അതൃപ്തിയാണ് രാജ്ഭവന് ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയുടെ പ്രോട്ടോക്കോൾ ലംഘനം ചൂണ്ടികാട്ടി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകാനുള്ള നീക്കത്തിലാണ് രാജ്ഭവൻ. എന്നാൽ ഔദ്യോഗിക ചടങ്ങുകളിൽ ഇത്തരം ചിത്രങ്ങൾ വെക്കുന്നതിനെതിരെ നിയമസാധുത തേടുകയാണ് സംസ്ഥാന സർക്കാർ. നിയമവകുപ്പിൻ്റെ വ്യക്തമായ നിലപാട് അറിഞ്ഞശേഷം രാജ്ഭവനെ ഔദ്യോഗികമായി എതിർപ്പ് അറിയിക്കുമെന്നാണ് വിവരം.
ഇതിൻ്റെ ഭാഗമായി സിഐടിയു ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരൻ്റെ നിലപാടിനെതിരെ ഇന്ന് ബിജെപിയും പ്രതിഷേധിക്കും. സെക്രട്ടറിയേറ്റിന് മുന്നിൽ ഭാരതാംബയുടെ ചിത്രം വച്ച് നിലവിളക്ക് കത്തിച്ച് പുഷ്പാർച്ചന നടത്തി പ്രതിഷേധം അറിയിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
വിവാദത്തിൽ ഗവർണർക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി രംഗത്തെത്തിയിരുന്നു. ആർഎസ്എസിൻ്റെ ആളായല്ല, മറിച്ച് ഗവർണറുടെ സ്ഥാനത്തിരുന്ന് പെരുമാറാൻ അർലേക്കർ തയ്യാറാവണമെന്നാണ് എംഎ ബേബി പറഞ്ഞത്. കഴിഞ്ഞ ദിവസം രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് ‘ഭാരതാംബ’യുടെ ചിത്രം പ്രദർശിപ്പിച്ചത്. ഇതിനെ തുടർന്ന് മന്ത്രി വി ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപോയിരുന്നു.
അധ്യക്ഷ പ്രസംഗത്തിൽ ഭാരതാംബയുടെ ചിത്രം വെച്ചതിനെ ഗവർണർ ഇരിക്കെത്തന്നെ രൂക്ഷമായി വിമർശിച്ചശേഷമാണ് മന്ത്രി വേദി വിട്ടത്. പരിപാടിയിൽ ചിത്രംവയ്ക്കില്ലെന്ന് ഉറപ്പു ലഭിച്ചിരുന്നെന്നും എന്നാൽ പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പൂവിട്ട് പൂജിക്കുന്നതാണ് കണ്ടതെന്നും വി ശിവൻകുട്ടി ആരോപിച്ചിരുന്നു.