Rahul Mamkootathil: ‘പീഡിപ്പിച്ചു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; ദുരനുഭവം യുവ നേതാക്കളെ അറിയിച്ചിരുന്നു’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ മൊഴി
Serious Allegations Against Rahul Mamkootathil: രാഹുൽ തന്നെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും യുവതി മൊഴി നൽകി. താൻ നേരിട്ട ദുരനുഭവം കോണ്‍ഗ്രസിലെ ചില യുവ നേതാക്കളെയും അറിയിച്ചിരുന്നുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് . ഇന്നലെ രാത്രിയോടെയാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. രാഹുൽ തന്നെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും യുവതി മൊഴി നൽകി. താൻ നേരിട്ട ദുരനുഭവം കോണ്‍ഗ്രസിലെ ചില യുവ നേതാക്കളെയും അറിയിച്ചിരുന്നുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
അതേസമയം ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാനുള്ള നീക്കം. ഇതിന് ശേഷം യുവതിയുടെ രഹസ്യമൊഴി കോടതി മുൻപാകെ രേഖപ്പെടുത്താനും പോലീസ് അപേക്ഷ നൽകും. പരാതിയിൽ തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ശേഷം നേമം പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറും. ഇന്ന് തന്നെ പാലക്കാട് എംഎൽഎയക്കെതിരെ കേസെടുക്കുമെന്നാണ് പോലീസ് അറിയിക്കുന്നത്. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ അഭിഭാഷകരുമായി രാഹുൽ മാങ്കൂട്ടത്തിൽ ഫോണിൽ സംസാരിച്ചിട്ടുണ്ട്.
Also Read:തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന് ‘രാഹു’കാലം; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലേക്ക് ?
ഇന്നലെ വൈകിട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും തെളിവുകളും കൈമാറിയത്. വാട്സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി കൈമാറിയിട്ടുണ്ട്. ഇതിനു പിന്നാലെ മുഖ്യമന്ത്രി ഉടൻ ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസെടുക്കുന്ന കാര്യം ചർച്ച ചെയ്തു.
നേരത്തെ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ ലൈംഗിക പീഡന പരാതി നൽകിയ സാഹചര്യത്തിൽ ഈ കേസ് പ്രത്യേക കേസായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം.