Labourers Suspended: എഴുപതിനായിരത്തിന്റെ പന്തലുപണിക്ക് 25,000 രൂപ നോക്കുകൂലി; ഒടുവിൽ തേടിയെത്തിയത് എട്ടിന്റെ പണി
Ten labourers Got Suspended in Trivandrum: പതിനായിരം രൂപ വരെ നോക്കുകൂലി കൊടുക്കാൻ കരാറുകാരൻ തയ്യാറായിരുന്നെങ്കിലും തൊഴിലാളികൾ വഴങ്ങാൻ കൂട്ടാക്കിയില്ല.

Representational Image (Image Credits: PTI)
തിരുവനന്തപുരം: എഴുപതിനായിരം രൂപയുടെ പന്തൽ പണിക്കുള്ള സാധനങ്ങൾ ഇറക്കാൻ ചുമട്ടുതൊഴിലാളികൾ നോക്കുകൂലിയായി ആവശ്യപ്പെട്ടത് 25000 രൂപ. പരാതികൾ ഉയർന്നതോടെ ചുമട്ടു തൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ മന്ത്രി വി ശിവൻകുട്ടി തന്നെ നേരിട്ട് ഇടപെടുകയായിരുന്നു.
സ്റ്റാച്യൂ മേഖലയിലെ പത്ത് ചുമട്ടു തൊഴിലാളികളെയാണ് നോക്കുകൂലി ചോദിച്ചതിന്റെ പേരിൽ, മന്ത്രിയുടെ നിർദേശ പ്രകാരം ക്ഷേമനിധി ബോർഡ് ചെയർമാൻ പുറത്താക്കിയത്. വെള്ളിയാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ സിനിമ ഷൂട്ടിങ്ങിനുള്ള സാധനങ്ങൾ എത്തിച്ചിരുന്നു. അപ്പോഴാണ്, ചുമട്ടു തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ട് ജോലി തടഞ്ഞത്. 70000 രൂപയ്ക്കാണ് പന്തല് പണിക്കാരൻ കരാർ എടുത്തിരുന്നത്.
ALSO READ: മദ്യക്കുപ്പികളിൽ ഇനി ക്യൂആർകോഡ് നിർബന്ധം; സുരക്ഷ ഉറപ്പാക്കാൻ ബിവറേജസ് കോർപറേഷൻ
മൂവായിരം ചതുരശ്രയടി പന്തലിനു വേണ്ട ഷീറ്റും, ഇരുമ്പു കമ്പികളുമടങ്ങിയതായിരുന്നു സാമഗ്രികൾ. സാധനങ്ങൾ സ്ഥലത്തെത്തിയതോടെ, തൊഴിലാളികൾ കരാറുകാരനോട് 25000 രൂപ നോക്കുകൂലിയായി ചോദിക്കുകയായിരുന്നു. അതിൽ, പതിനായിരം രൂപ വരെ കൊടുക്കാൻ കരാറുകാരൻ തയ്യാറായിരുന്നെങ്കിലും തൊഴിലാളികൾ വഴങ്ങാൻ കൂട്ടാക്കിയില്ല. സാധനങ്ങൾ ഇറക്കുന്നത് തടയുകയും ചെയ്തു.
തുടർന്ന്, കരാറുകാരൻ കന്റോൺമെന്റ് പോലീസിൽ പരാതി നൽകുകയായിരിക്കുന്നു. മന്ത്രി വി ശിവൻകുട്ടിയെ നേരിട്ട് വിളിച്ചും പരാതി അറിയിച്ചു. അങ്ങനെ, മന്ത്രിയുടെ നിർദേശ പ്രകാരം ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് പ്രതിനിധികളും പോലീസും നേരിട്ടെത്തി പരിശോധന നടത്തി. അന്വേഷണത്തിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പത്ത് തൊഴിലാളികളെ മന്ത്രിയുടെ നിർദേശ പ്രകാരം സസ്‍പെൻഡ് ചെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജോലിയിൽ പ്രവേശിക്കരുതെന്നാണ് ഉത്തരവ്. പന്തൽ പണിയുടെ സാധനങ്ങൾ കരാറുകാരനെ തിരിച്ചേൽപ്പിക്കുകയും ചെയ്തു.