Anaya Death: താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ ബന്ധുക്കൾ ഉൾപ്പെടെ 4 പേർ ചികിത്സയിൽ; കുളത്തിലെ ജലസാംപിളുകൾ ശേഖരിക്കും
Amoebic Meningitis Death in Thamarassery: അനയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കോഴിക്കോട്: താമരശ്ശേരിയിലെ നാലാം ക്ലാസുകാരി അനയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്. അനയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അതേസമയം പെൺകുട്ടി വീടിനു സമീപത്തുള്ള കുളത്തിൽ കളിച്ചിരുന്നുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കുളത്തിലേത് ഉൾപ്പെടെ ജല സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിക്കും. കഴിഞ്ഞ ദിവസമാണ് കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയുടെ മരണം മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് സ്ഥിരീകരിച്ചത്.
Also Read:താമരശേരിയിലെ പെൺകുട്ടിയുടെ മരണ കാരണം മസ്‌തിഷ്‌ക ജ്വരം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കഴിഞ്ഞ ബുധനാഴ്ച സ്കൂളിൽ നിന്ന് എത്തിയതോടെയാണ് അനയയ്ക്ക് പനി ലക്ഷണങ്ങള്‍ കണ്ടത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു.
അതേസമയം കുട്ടിയുടെ മരണിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം രംഗത്ത് എത്തിയിരുന്നു. ഇവിടെ നിന്ന് കുട്ടിക്ക് വേണ്ടത്ര ചികിത്സ ലഭിച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ താമരശ്ശേരി ആശുപത്രിയിൽ കാണിച്ചുവെന്നും കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു. എന്നാൽ പനി-ഛർദി ലക്ഷണങ്ങളുമായി എത്തുന്ന കുട്ടികൾക്ക് നൽകുന്ന അതേ ചികിത്സയാണ് കുട്ടിക്കും നൽകിയതെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. രക്തത്തിൽ കൗണ്ട് ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.