Kollam: കൊല്ലത്ത് മോഷണക്കേസ് പ്രതികൾ കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു
Theft Case suspects escaped: വിലങ്ങ് ധരിച്ചിട്ടുള്ളതിനാൽ പ്രതികൾ അധികം ദൂരം പോകാൻ സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. സംസ്ഥാനം വിട്ടുപോകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Theft Case
കൊല്ലം: തെളിവെടുപ്പിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതികൾ. പാലോട് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളായ സൈതലവി, അയ്യൂബ് ഖാൻ എന്നിവരാണ് കൈവിലങ്ങുമായി പൊലീസിനെ കബളിപ്പിച്ച് ഓടിപ്പോയത്.
ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. പ്രതികളുമായി തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. കൊല്ലം കടയ്ക്കലിൽ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോൾ പ്രതികൾ മൂത്രമൊഴിക്കാനുണ്ടെന്ന് ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് വാഹനം നിർത്തി ഇരുവരേയും പുറത്തിറക്കി. പിന്നാലെ ഇവർ രക്ഷപ്പെടുകയായിരുന്നു.
മലയിൻകീഴ് വഞ്ചിയൂർ സ്വദേശിയായ അയ്യൂബ് ഖാനും നെടുമങ്ങാട് സ്വദേശിയായ സൈതലവിയും ആണ് രക്ഷപ്പെട്ടത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിലങ്ങ് ധരിച്ചിട്ടുള്ളതിനാൽ അധികം ദൂരം പോകാൻ സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. പ്രതികൾ സംസ്ഥാനം വിട്ടുപോകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സ്‌കൂട്ടറിൽ പോയ യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ
സ്‌കൂട്ടറിൽ പോയ യുവതിയെ വാഹനം ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പട്ടിക്കാട് സ്വദേശി വിഷ്ണു (25) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. വിഷ്ണു മുമ്പും പോക്‌സോ കേസിൽ പ്രതിയാണെന്നാണ് പോലീസ് അറിയിച്ചു.
ഇന്നലെ രാത്രിയോടെ വടക്കഞ്ചേരിയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയത്ത് പ്രതി യുവതിയെ ബൈക്കിൽ പിന്തുടർന്ന് സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി ബഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.