R Sugathan’s Oath: നിയമത്തില്‍ വിലക്കില്ല, ജയിലിൽ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന്
BJP Councilor R Sugathan to Take Oath in Viyyur Central Jail Today: ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് നിയമത്തില്‍ വിലക്കില്ലെന്നും അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്നും കോടതി വിലയിരുത്തി. സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് ജയിലിൽ വച്ച് ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ നടക്കുന്നത്.

ആർ സുഗതൻ
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇന്ന് രാവിലെ 11 മണിക്ക് വിയ്യൂരിലെ സെൻട്രൽ ജയിലിൽ വെച്ചാണ് സത്യപ്രതിജ്ഞ. തടവുകാർക്ക് പരിശീലനം നൽകുന്ന ഹാളിലാണ് ചടങ്ങ് നടക്കുക. അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തർക്ക് ചടങ്ങിൽ സംബന്ധിക്കാമെന്നും കോടതി അറിയിച്ചു. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തനിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലറാണ് ആർ സുഗതൻ.
‘മാറാത്തത് മാറി’
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതൻ കാപ്പാ കേസിൽ വിയ്യൂർ ജയിലിലാണ്. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയതിനെ തുടർന്ന്, വിവിധ കൗണ്‍സിലര്‍മാർ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സുഗതൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത് . സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് ജയിലിൽ വച്ച് ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ നടക്കുന്നത്.
ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് നിയമത്തില്‍ വിലക്കില്ലെന്നും അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്നും കോടതി വിലയിരുത്തി. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, സത്യപ്രതിജ്ഞയ്ക്കായി വിട്ടയക്കുന്നതിനെ സർക്കാർ എതിർത്തിരുന്നു. സുഗതന്‍ കരുതല്‍ തടങ്കലിലാണെന്നും ഭരണഘടനാ പ്രകാരം കരുതല്‍ തടങ്കലില്‍ ഉള്ളവരെ പുറത്തുവിടാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി.
മേയർക്കും ജയിലിനുള്ളിൽ പ്രവേശിക്കാം
സത്യപ്രതിജ്ഞയ്ക്ക് ഹാജരാക്കാൻ അധികൃതർക്ക് നിർദേശം നൽകണമെന്ന് അഭ്യർത്ഥിച്ച് സുഗതൻ നൽകിയ ഹർജി തീർപ്പാക്കി ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സത്യപ്രതിജ്ഞ നടന്നില്ലെങ്കിൽ കോർപ്പറേഷനിലെ ഭൂരിപക്ഷം നഷ്ടമാകുമെന്ന് ഹർജിയിൽ സുഗതൻ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ജനവിധി മാനിക്കണമെന്നും അസാധാരണ സന്ദർഭങ്ങളിൽ അസാധാരണ തീരുമാനമെടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. നടപടികൾക്കായി മേയർക്കും ഉദ്യോഗസ്ഥർക്കും ജയിലിനുള്ളിൽ പ്രവേശിക്കാം. സത്യപ്രതിജ്ഞയ്ക്കായി മേയർ വിവി രാജേഷും ഡെപ്യൂട്ടി മേയർ ജിഎസ് ആശാനാഥും സെക്രട്ടറി ജെ മുഹമ്മദ് ഷാഫിയും സംഘവും വിയ്യൂരിലേക്ക് തിരിച്ചു.
സത്യപ്രതിജ്ഞ ചെയ്താലും രക്ഷയില്ലേ?
ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാളെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ജൂണ്‍ ഒന്‍പത് രാത്രി ആര്‍ സുഗതനെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് സുഗതന്‍ തടഞ്ഞതോടെ പൊലീസിന് ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടി വന്നു. അറസ്റ്റിനെതിരെ ബിജെപിയും കാപ്പാ കേസ് പ്രതിയായ സുഗതനെ പുറത്താക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫും യുഡിഎഫും പ്രതിഷേധ സമരം നടത്തി.
അറസ്റ്റിനുശേഷം കാപ്പ നിലനില്‍ക്കുന്നതിനാല്‍ സുഗതനെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. കൗണ്‍സിലറുടെ അറസ്റ്റും ഇഷ്ടദേവതങ്ങളുടെ പേരിലെ സത്യപ്രതിജ്ഞയും ചരിത്രത്തില്‍ ആദ്യമായി കോര്‍പറേഷന്‍ ഭരണം പിടിച്ച ബിജെപിക്ക് തിരിച്ചടിയായി. ജാമ്യത്തിനായി നെടുമങ്ങാട് കോടതിയില്‍ സുഗതന്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും ആദ്യം തള്ളി. പിന്നീട് പൊലീസുകാരെ ആക്രമിച്ച കേസിലും, കൊലപാതകശ്രമ കേസിലും സുഗതന ജാമ്യം നല്‍കി. പുന:പ്രതിജ്ഞയ്ക്ക് ഒരു ദിവസവും അനുവദിച്ചു. എന്നാല്‍ കാപ്പ ചുമത്തിയത് കാരണം വിയ്യൂരില്‍ നിന്ന് പുറത്തിറങ്ങാന്‍ സുഗതന് കഴിയുമായിരുന്നില്ല.
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും കൗണ്‍സിലര്‍ സ്ഥാനത്തേക്ക് സുഗതന് എത്താന്‍ കഴിയുമെങ്കിലും ജയിലില്‍ കഴിയുന്നതിനാല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ആകില്ല. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെ വരുമ്പോള്‍ സ്വാഭാവികമായും കൗണ്‍സിലര്‍ സ്ഥാനം നഷ്ടമായേക്കും.
English Summary:
BJP councillor R. Sugathan, who is currently under preventive detention under the Kerala Anti-Social Activities Act (KAAPA), is set to take his oath of office inside Viyyur Central Jail at 11 a.m. today, following a Kerala High Court order.