Mother -Daughter Death: ‘എന്റെ മകളെ ഉടുപ്പു പോലെ എറിഞ്ഞു; അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ, മടുത്തു’: നോവായി അമ്മയും മകളും
Thiruvananthapuram Mother -Daughter Death: ആത്മഹത്യാക്കുറിപ്പിൽ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. താനും മകളും ആത്മഹത്യ ചെയ്യുന്നതിനു കാരണം ഗ്രീമയുടെ ഭർത്താവ് ബി.എം. ഉണ്ണികൃഷ്ണൻ ആണെന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

Thiruvananthapuram Mother Daughter Death
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണണങ്ങൾ. ആറ് വർഷത്തോളമായി നേരിടുന്ന മാനസികപീഡനവും അവഗണനയുമാണ് മരണകാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. അപമാനഭാരം ഇനിയും സഹിക്കാൻ വയ്യെന്നും മടുത്തു പോയെന്നും കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ പരേതനായ റിട്ട: അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ എസ്. എൽ. സജിത(54), മകൾ ഗ്രീമ. എസ്. രാജ്(30) എന്നിവരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ സയനൈഡ് കഴിച്ചാണ് മരിച്ചത്. ഇത് ഇവർക്ക് എവിടെ നിന്ന് കിട്ടിയതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പൂന്തുറ സിഐ പറഞ്ഞു.
ആത്മഹത്യാക്കുറിപ്പിൽ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. താനും മകളും ആത്മഹത്യ ചെയ്യുന്നതിനു കാരണം ഗ്രീമയുടെ ഭർത്താവ് ബി.എം. ഉണ്ണികൃഷ്ണൻ ആണെന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. തന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പു പോലെ ആണ് എറിയുന്നത്. മോൾ അവനോടു കെഞ്ചിക്കരഞ്ഞിട്ടും അവനു വേണ്ട. പിരിയാൻ തക്ക കാരണങ്ങൾ ഒന്നും ഇല്ല. അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ. മടുത്തുവെന്നും, മതിയായി എന്നും കുറിപ്പിൽ പറയുന്നു.
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ജീവനൊടുക്കാൻ പോകുന്നുവെന്ന് പറഞ്ഞുകൊണ്ട് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. ഇത് കണ്ട് ഉടൻ തന്നെ ഇവർ താമസിക്കുന്ന റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ അറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലറും നാട്ടുകാരും എത്തുമ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. ഉടനെ ഇവർ വിവരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വീട് തുറന്നപ്പോൾ താഴത്തെ നിലയിലെ ഹാളിൽ സോഫയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്തുനിന്ന് 2 ഗ്ലാസുകളും കുറിപ്പും കണ്ടെത്തിയിരുന്നു.
ആറ് വർഷം മുൻപായിരുന്നു ഗ്രീമയുടെ വിവാഹം. 200 പവനും വീടും സ്ഥലവും നൽകിയാണു വിവാഹം നടത്തിയത്. സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് ഗ്രീമയെ ഭർത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നു. വിവാഹം കഴിഞ്ഞ് 25 ദിവസത്തിനു ശേഷം മകളെ ഉപേക്ഷിച്ചുവെന്നും ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ സജിത വ്യക്തമാക്കിയിട്ടുണ്ട്.