Encephalitis In Kerala: ഭീതി പരത്തി വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മൂന്നു മാസം പ്രായമായ കുഞ്ഞുൾപ്പെടെ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു
Amoebic Meningoencephalitis in Kozhikode: മൂന്ന് മാസം പ്രായമുള്ള കുട്ടിക്കും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ രണ്ടാഴ്ചയിലേറെയായി ചികിത്സയിലാണ്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള കുട്ടിക്കും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ രണ്ടാഴ്ചയിലേറെയായി ചികിത്സയിലാണ്.
പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് മസ്തിഷ്‌ക ജ്വരമുണ്ടെന്നു കണ്ടെത്തിയത്. ഇതിൽ കുട്ടിയ്ക്ക് രോഗം ബാധിച്ചത് വീട്ടിലെ കിണറ്റിൽ നിന്നാണെന്ന് സ്ഥിരീകരിച്ചു. ചതുപ്പ് നിലത്തോട് ചേർന്ന സ്ഥലത്താണ് കിണർ സ്ഥിതി ചെയ്യുന്നത്. നിലവില്‍ വീട്ടിലെ കിണർ വറ്റിച്ചിട്ടുണ്ട്. സമീപത്തെ കിണറുകളിലെ ജലം പരിശോധനയ്ക്കയച്ചിട്ടുണ്ട്.
നാലാം ക്ലാസുകാരി നീന്തൽ പരിശീലനം നടത്തിയ കുളത്തിൽ ഉൾപ്പെടെ ആരും ഇറങ്ങരുതെന്നാണ് നിർദേശം. കുട്ടി പഠിച്ചിരുന്ന കോരങ്ങാട് എൽപി സ്കൂളിൽ ആരോഗ്യവകുപ്പ് നാളെ ബോധവൽക്കരണ ക്ലാസ് നടത്തും. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ് ക്ലാസ് നടത്തുക.കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാംപിളുകളും മെഡിക്കൽ കോളേജിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയുടെ മരണം മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ച സ്കൂളിൽ നിന്ന് എത്തിയതോടെയാണ് അനയയ്ക്ക് പനി ലക്ഷണങ്ങള്‍ കണ്ടത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു.