AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thrissur Blast: ശരീരങ്ങള്‍ ചിതറിത്തെറിച്ചു; നാട്ടുകാര്‍ വിചാരിച്ചത് ഭൂകമ്പമെന്ന്‌; രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരം

Thrissur Mundathikode Firecracker Blast: കേരളത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മുണ്ടത്തിക്കോട് സംഭവിച്ചത്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തിലാണ് നാട്. ഭൂകമ്പമാണെന്നാണ് നാട്ടുകാരില്‍ പലരും ആദ്യം വിചാരിച്ചത്. സ്‌ഫോടനസ്ഥലത്ത് ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച് കിടക്കുന്നത് കണ്ടെന്ന് പ്രദേശവാസികള്‍. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.

Thrissur Blast: ശരീരങ്ങള്‍ ചിതറിത്തെറിച്ചു; നാട്ടുകാര്‍ വിചാരിച്ചത് ഭൂകമ്പമെന്ന്‌; രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരം
അപകടസ്ഥലത്തെ ദൃശ്യങ്ങള്‍ Image Credit source: Accident Photos Arshad Arshu Facebook
Jayadevan AM
Jayadevan AM | Updated On: 21 Apr 2026 | 06:10 PM

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നാട്. സ്‌ഫോടനശബ്ദം കേട്ടപ്പോള്‍ ഭൂകമ്പമാണെന്നാണ് നാട്ടുകാരില്‍ പലരും ആദ്യം വിചാരിച്ചത്. പിന്നീടാണ് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. നിലവില്‍ എട്ടു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, മരണസംഖ്യ ഉയരുമോയെന്നാണ് ആശങ്ക. 40-ഓളം പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വത്തിനു വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന സ്ഥലത്താണ്‌ ദുരന്തമുണ്ടായത്.

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് അപകടമുണ്ടായത്. ഇദ്ദേഹത്തിനും പരിക്കേറ്റിട്ടുണ്ട്. ഇപ്പോഴും പൊട്ടിത്തെറി നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് വലിയ സ്‌ഫോടശബ്ദമാണ് നാട്ടുകാര്‍ ആദ്യം കേട്ടത്. കിലോമീറ്ററുകള്‍ അകലെ പോലും സ്‌ഫോടനശബ്ദം കേട്ടു.

രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്നതാണ് ആശങ്ക. ചെറിയ വഴിയായതിനാല്‍ സംഭവസ്ഥലത്തേക്ക് എത്താന്‍ ഫയര്‍ഫോഴ്‌സ് സംഘം ഏറെ പ്രയാസപ്പെട്ടു. പ്രദേശത്തെ ഒരു മതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്‌സ് സംഘം ഇവിടെയെത്തിയത്. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊട്ടാതെകിടക്കുന്ന വെടിക്കോപ്പുകളടക്കം നിര്‍വീര്യമാക്കേണ്ടതുണ്ട്.

പ്രദേശത്ത് പുകപടലം നിറഞ്ഞതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായി. ജെസിബി അടക്കം എത്തിച്ചാണ് അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി വഴിയൊരുക്കിയത്.

അപകടത്തിന് പിന്നിലെന്ത്?

സ്‌ഫോടനത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. കനത്ത ചൂടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പാടശേഖരത്തിന് നടുവിലാണ് വെടിക്കെട്ട് പുര സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്താന്‍ ഇടുങ്ങിയ വഴി മാത്രമാണുള്ളത്.

Also Read: Thrissur fireworks explosion: തൃശൂരിൽ സ്ഫോടനം, 6 പേർക്ക് ദാരുണാന്ത്യം

ചിതറിത്തെറിച്ച് ശരീരഭാഗങ്ങള്‍

സ്‌ഫോടനസ്ഥലത്ത് ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച് കിടക്കുന്നത് കണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്തെ മരങ്ങള്‍ പോലും നിന്നുകത്തി. വൈകിട്ട് മൂന്നരയോടെയാണ് ദുരന്തമുണ്ടായത്. അഞ്ച് താല്‍ക്കാലിക പുരകളിലാണ് നിര്‍മ്മാണം നടന്നത്. ഈ അഞ്ചിടത്തും തീ പടര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

എത്ര പേര്‍?

വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന സ്ഥലത്ത് എത്ര പേരുണ്ടായിരുന്നുവെന്നത് ഇപ്പോഴും അവ്യക്തമാണ്. സമീപത്തെ പറമ്പുകളിലും പാടത്തും ശരീരഭാഗങ്ങള്‍ കണ്ടെത്തിയെന്നാണ്‌ വിവരം. സ്‌ഫോടനശബ്ദം കേട്ട് എത്തിയവര്‍ ആദ്യം കണ്ടത് വെടിപ്പുരകള്‍ കത്തുന്നതാണ്. വെടിപ്പുരകള്‍ പ്രവര്‍ത്തിച്ചിരുന്ന ഷെഡ്ഡുകളും പൂര്‍ണമായും തകര്‍ന്നു.

അനുശോചിച്ച് മുഖ്യമന്ത്രി

അപകടത്തില്‍ പരിക്കേറ്റവരില്‍ 23 പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് ചിലരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിച്ചു. ഇവരില്‍ ചിലര്‍ ശരീരഭാഗങ്ങള്‍ അറ്റ നിലയിലായിരുന്നു. കേരളത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മുണ്ടത്തിക്കോട് സംഭവിച്ചത്.

എത്ര പേരെ രക്ഷപ്പെടുത്തി?

16 പേരെ രക്ഷപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് എല്ലാ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ സംസ്ഥാനത്തുനിന്ന് പുറത്തുനിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ദുരന്തത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.

കൂടുതല്‍ ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തൃശൂര്‍ ജനറല്‍ ആശുപത്രിയിലും കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തസ്ഥലത്ത് ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.

Follow Us