Thamarassery Churam: താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിരോധനം; നിയന്ത്രണം ബാധകമാകുന്നത് ഇവയ്ക്ക്
Thamarassery Churam Vehicle Ban Announced: കാലവര്‍ഷത്തില്‍ താമരശേരി ചുരത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് രൂക്ഷമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാനായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വലിയ ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.
കോഴിക്കോട്: താമരശേരി ചുരത്തില്‍ (ദേശീയപാത 766) വലിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. കാലവര്‍ഷം കനക്കുന്നതിനെ തുടര്‍ന്നാണ് നീക്കം. മഴക്കാലത്തുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനായി ജില്ല കളക്ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ എംഎസ് മാധവിക്കുട്ടി ഉത്തരവിറക്കുകയായിരുന്നു.
കാലവര്‍ഷത്തില്‍ താമരശേരി ചുരത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് രൂക്ഷമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാനായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വലിയ ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്. യോഗത്തില്‍ സികെ കാസിം എംഎല്‍എ, കോഴിക്കോട്-വയനാട് ജില്ല കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
നിയന്ത്രണം ഏത് സമയത്ത്?
രാവിലെ ആറ് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് താമരശേരി ചുരത്തില്‍ വലിയ ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനമുണ്ടായിരിക്കുക. ഈ സമയത്ത് ഇത്തരം വാഹനങ്ങളെ ചുരത്തിലേക്ക് പ്രവേശിപ്പിക്കുകയില്ല, ആറ് മണിക്ക് മുമ്പ് വൈകിട്ട് എട്ട് മണിക്ക് ശേഷവും വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്നതാണ്.
വാഹനങ്ങള്‍ക്ക് നിരോധനം എന്ന് വരെ?
കാലവര്‍ഷം അവസാനിക്കുന്നത് വരെയോ അല്ലെങ്കില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയോ നിയന്ത്രണം തുടരുമെന്നാണ് ജില്ല കളക്ടര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇക്കാലയളവില്‍ വാഹനങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് യാത്ര നടത്തണമെന്നും നിര്‍ദേശമുണ്ട്.
ചുരം കയറാനാകാത്തത് ഏതെല്ലാം വാഹനങ്ങള്‍ക്ക്?
രണ്ട് ആക്‌സിലില്‍ കൂടുതലുള്ള ട്രക്കുകള്‍, ലോറികള്‍, ടാങ്കറുകള്‍, ട്രെയിലറുകള്‍, കണ്ടെയ്‌നറുകള്‍, മറ്റ് വലിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കാണ് തുരത്തില്‍ നിരോധനമേര്‍പ്പെടുത്തിയത്. ഇനിയൊരു ഉത്തരവ് പുറത്തിറങ്ങും വരെ ഇത്തരം വാഹനങ്ങള്‍ക്ക് ചുരം വഴി പോകാന്‍ അനുവാദമുണ്ടായിരിക്കില്ല.
പ്രവര്‍ത്തനം ഇപ്രകാരം
ചുരത്തിന്റെ ഇരുവശങ്ങളിലുമുള്ള അടിവാരം, ലക്കിടി എന്നിവിടങ്ങളില്‍ വയനാട് പോലീസുമായി സഹകരിച്ച് പോലീസുകാരെ വിന്യസിക്കും. 24 മണിക്കൂറും ഇവിടെ പോലീസുണ്ടാകും. ഉത്തരവ് ലംഘിക്കുന്ന വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരവും 1988ലെ മോട്ടോര്‍ വാഹന നിയനപ്രകാരവും നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ഏതെല്ലാം വാഹനങ്ങള്‍ക്ക് കടന്നുപോകാം?
കെഎസ്ആര്‍ടിസി ബസുകള്‍, കാറുകള്‍, ജീപ്പുകള്‍, ടാക്‌സികള്‍ തുടങ്ങിയ ചെറിയ വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍, മറ്റ് മെഡിക്കല്‍ വാഹനങ്ങള്‍, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, ദുരന്തനിവാരണ സേനയുടെ വാഹനങ്ങള്‍, സായുധ സേന, കേന്ദ്ര പാരമിലിറ്ററി, പോലീസ്, കളക്ടര്‍, മറ്റ് അധികാരികള്‍ തുടങ്ങിയവരുടെ വാഹനങ്ങളെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇതുവഴി പോകാം
താരമരശേരി ചുരത്തില്‍ നിയന്ത്രണമുണ്ടെങ്കിലും വാഹനങ്ങള്‍ക്ക് ബദല്‍ റൂട്ടുകളിലൂടെ യാത്ര നടത്താവുന്നതാണ്. വയനാട്ടിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങള്‍ ഉള്‍പ്പെടെയുള്ള ബദല്‍ റോഡുകളിലൂടെ പോകാനാണ് നിര്‍ദേശം.
മരങ്ങള്‍ മുറിച്ചുമാറ്റും
മണ്ണിടിച്ചില്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ അപകടാവസ്ഥയില്‍ തുടരുന്ന മരങ്ങള്‍ ഉടന്‍ മുറിച്ചുമാറ്റാന്‍ യോഗത്തില്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ചുരം റോഡിന്റെ അവസ്ഥ നിരീക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോടും എന്‍എച്ച് വിഭാഗത്തിനോടും ആവശ്യപ്പെടുകയും ചെയ്തു.
English Summary
Traffic restrictions have been imposed on Thamarassery Churam. Check the list of affected vehicles and the period for which the restrictions will remain in force before planning your journey.