Kottayam Accident: അവധിക്ക് നാട്ടിലെത്തിയ നഴ്സ് വാഹനാപകടത്തിൽ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്
24-Year-Old Nurse Dies In Accident:തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലി മോൻ ആന്റണിയുടെ മകൾ ലിനു ലാലിമോൻ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിജിക്ക് ഗുരുതര പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കോട്ടയം: ചങ്ങനാശേരിയില്‍ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴസ് മരിച്ചു. തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലി മോൻ ആന്റണിയുടെ മകൾ ലിനു ലാലിമോൻ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിജിക്ക് ഗുരുതര പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി ളായിക്കാട് ബൈപ്പാസ് റോഡിലായിരുന്നു സംഭവം.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു ലിനു. രണ്ടു ദിവസത്തെ അവധിക്ക് നാട്ടിലെത്തിയാപ്പോഴായിരുന്നു ഈ ദാരുണമായ സംഭവം ഉണ്ടായത്. അമ്മയുമായി മാന്നാറിലുള്ള ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. സ്കൂട്ടറിൽ വരികയായിരുന്ന ലിനുവിനെ മിനി ലോറിയിടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ച വീണ ലിനുവിന്റെ തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തുതായി ചങ്ങനാശേരി പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം തുരുത്തി യുദാപുരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. സംസ്കാരം പിന്നീട്. ലിനുവിന്റെ സഹോദരങ്ങൾ: ലിഞ്ചു, ലൈജു (കുവൈറ്റ്).
അതേസമയം ഇടുക്കിയിൽ പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഡ്രൈവർ എബ്രഹാമിന് ഗുരുതര പരിക്കേറ്റു. ഇയാളെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒളിമ്പ്യൻ കെ.എം ബീനാ മോളുടെ സഹോദരിയാണ് മരിച്ച റീന.