KB Ganesh Kumar: ഉദ്ഘാടന വേദിയ്ക്ക് മുന്നിലൂടെ ഹോൺ അടിച്ച് സ്വകാര്യ ബസിന്റെ ‘ഷോ’; പെർമിറ്റ് റദ്ദാക്കി മന്ത്രി ഗണേഷ് കുമാർ
K.B. Ganesh Kumar Cancels Private Bus Permit: ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് അമിത വേഗതയിൽ ഹോൺ മുഴക്കി ബസ് കടന്നുപോയത്. തുടർന്ന് ഉടൻ തന്നെ വേദിയിൽ വച്ച് ബസിന്റെ പെർമിറ്റ് റദ്ദാക്കിയതായി മന്ത്രി അറിയിക്കുകയായിരുന്നു.

കെബി ഗണേഷ് കുമാര്‍
കോതമംഗലം: കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന വേദിയ്ക്ക് മുന്നിലൂടെ ഹോൺ അടിച്ച് കടന്നുപോയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് അമിത വേഗതയിൽ ഹോൺ മുഴക്കി ബസ് കടന്നുപോയത്. തുടർന്ന് ഉടൻ തന്നെ വേദിയിൽ വച്ച് ബസിന്റെ പെർമിറ്റ് റദ്ദാക്കിയതായി മന്ത്രി അറിയിക്കുകയായിരുന്നു.
കോതമംഗലത്ത് കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും മോട്ടോർ വാഹനവകുപ്പ് ആരംഭിച്ചു. ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ആർ.ടി.ഒയ്ക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. നിയമ ലംഘനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ആളുകൾ തിങ്ങിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വാഹനം ഓടിക്കുന്നതെങ്കിൽ പൊതുവഴിയിൽ എത്ര വേഗത്തിലായിരിക്കും ഓടിക്കുകയെന്നും മന്ത്രി ചോദിച്ചു. ഫയർ എഞ്ചിൻ വരികയാണെന്നാണ് ആന്റണി ജോൺ എംഎൽഎ വിചാരിച്ചത്. താനും പേടിച്ചുപോയി. റോക്കറ്റ് സ്പീഡിലാണ് ബസ് പോയതെന്നും ബസ് സ്റ്റാൻഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണെന്നും ഗണേഷ് കുമാർ ചോദിച്ചു.
Also Read: ‘ഒന്ന് ചോദ്യംചെയ്താൽ മണി മണി പോലെ എല്ലാം പുറത്തുവരും; അച്ഛന്റെ സിംഹാസനം തെറിക്കണം’; സ്വപ്‌ന സുരേഷ്
നേരത്തെ കെ.എസ്.ആർ.ടി,സി ബസിന്റെ ഡാഷ് ബോർഡിൽ കുപ്പികൾ കൂട്ടിയിട്ടതിന് മന്ത്രി ബസ് നിറുത്തിച്ച് ജീവനക്കാരെ ശകാരിക്കുകയും ഡ്രൈവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ജയ്മോൻ ജോസഫിനെയാണ് നടപടിയുടെ ഭാഗമായി തൃശൂർ യൂണിറ്റിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്. ഉത്തരവ് അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അദ്ദേഹം കുഴഞ്ഞു വീണിരുന്നു.