Kerala private bus strike : ഓണക്കാലത്ത് അവർ ബസ് ഓടിച്ചില്ലെങ്കിൽ കെഎസ്ആർടിസി കുട്ടപ്പനാക്കിയിട്ട ലോക്കൽ ബസ്സോടിക്കും – മന്ത്രി ഗണേഷ്കുമാർ
K.B. Ganesh Kumar warns private bus operators against strike: നിലവിൽ വർക്ക് ഷോപ്പിൽ കിടക്കുന്ന ബസ്സുകളുടെ എണ്ണം 1200 ൽ നിന്ന് 450 ആയി കുറച്ചതായും കെഎസ്ആർടിസിക്ക് പുതിയ ബസ്സുകൾക്ക് പുറമേ ഇത്രയും ബസ്സുകൾ അധികമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ഗതാഗത മന്ത്രി ഗണേഷ് കുമാർ രംഗത്ത്. സമരം നടത്തിയാൽ കെഎസ്ആർടിസി ബസ്സുകൾ നിരത്തിലിറക്കുമെന്നും ഓണക്കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അവർ സമരം ചെയ്യട്ടെ എന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞത്. ഓണത്തിന് അവർ ബസ് ഓടിച്ചില്ലെങ്കിൽ കെഎസ്ആർടിസിക്ക് 500 – 600 ബസ്സുകൾ സജ്ജമാക്കി വെച്ചിട്ടുണ്ട്. അവയ്ക്ക് ഡീസൽ അടിച്ച് ഡ്രൈവർമാരെ വെച്ച് ഓടിക്കാനുള്ള സൗകര്യവും ഉണ്ട് . അവർ സമരം ചെയ്താൽ ഈ വണ്ടികളെല്ലാം റോഡിൽ ഇറക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ വർക്ക് ഷോപ്പിൽ കിടക്കുന്ന ബസ്സുകളുടെ എണ്ണം 1200 ൽ നിന്ന് 450 ആയി കുറച്ചതായും കെഎസ്ആർടിസിക്ക് പുതിയ ബസ്സുകൾക്ക് പുറമേ ഇത്രയും ബസ്സുകൾ അധികമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അവർ പറയുന്നതിന് ഒരു ന്യായമൊക്കെ വേണ്ടേ… അവർ പറയുന്നതെല്ലാം അനുസരിക്കണോ… വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന സ്വകാര്യബസ് ഉടമകളുടെ ആവശ്യത്തെ കുറിച്ചും മന്ത്രി രൂക്ഷമായ പ്രതികരിച്ചു. വിദ്യാർത്ഥികളുമായി ഒരു സമവായത്തിൽ എത്താതെ നിരക്ക് വർധിപ്പിച്ചാൽ ഇവിടെ എന്തായിരിക്കും സ്ഥിതി… അനാവശ്യമായ ആളുകളെ സമരത്തിലേക്ക് തള്ളിവിടുന്നത് എന്തിനാണ് എന്നും മന്ത്രി ചോദിച്ചു.
സ്വകാര്യ ബസ് ഉടമകളുമായും വിദ്യാർത്ഥികളുമായും ഗതാഗത സെക്രട്ടറി ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞില്ലെന്ന് മന്ത്രി അറിയിച്ചു. മത്സരം നിർത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിദ്യാർഥികളുടെ കൺസഷൻ എളുപ്പമാക്കുന്നതിനായി പുതിയ ആപ്പ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ ആപ്പ് വഴി വിദ്യാർത്ഥികൾക്ക് പാസിനായും അപേക്ഷിക്കാം. പാസ് ഇല്ലാതെ യാത്ര ചെയ്യുന്നത് ശരിയല്ലെന്നും വിദ്യാർത്ഥികൾ ആണെന്ന് പറഞ്ഞു 45 വയസ്സ് ഉള്ളവരും കയറുന്നത് അനുവദിക്കാൻ ആവില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.