മൂന്ന് ദിവസത്തെ വാരാന്ത്യ തിരക്ക്: ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
Railways announces two special trains from Bengaluru to Kerala: യാത്രക്കാർക്ക് ആശ്വാസമായി ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് റെയിൽവേയുടെ രണ്ട് പുതിയ സ്പെഷൽ ട്രെയിനുകൾ. ഇതിൽ ഒന്ന് തിരുവനന്തപുരത്തേക്കും, രണ്ടാമത്തേത് കണ്ണൂരിലേക്കും ആണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തേക്കുള്ള സ്പെഷൽ ട്രെയിൻ കോട്ടയം വഴിയാണ് അനുവദിച്ചിരിക്കുന്നത്.
വാരാന്ത്യത്തിലെ ബംഗളുരു- കേരള യാത്രയുടെ ദുരിതത്തിന് ചെറിയ ആശ്വാസം പകർന്ന് രണ്ട് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഗാന്ധിജയന്തി, ശനി, ഞായർ എന്നീ മൂന്ന് ദിവസങ്ങളിൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് ഏറെ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ആശ്വാസമായിരിക്കുകയാണ് റെയിൽവേയുടെ പുതിയ സ്പെഷൽ ട്രെയിനുകൾ. ഇതിൽ ഒന്ന് തിരുവനന്തപുരത്തേക്കും, രണ്ടാമത്തേത് കണ്ണൂരിലേക്കും ആണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തേക്കുള്ള സ്പെഷൽ ട്രെയിൻ കോട്ടയം വഴിയാണ് അനുവദിച്ചിരിക്കുന്നത്. എസ്എംവിബി – തിരുവനന്തപുരം എക്സ്പ്രസ് (06585) നാളെ വൈകീട്ട് 4.50നും എസ്എംവിബി – കണ്ണൂർ സ്പെഷ്യൽ (06595) നാളെ രാത്രി 9.45നും സർവീസ് നടത്തും.
തിരുവനന്തപുരത്ത് നിന്നുള്ള മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആയിരിക്കും. പാലക്കാട്, കോട്ടയം വഴിയാണ് സർവീസ് തിരുവനന്തപുരം- ബംഗളുരു സ്പെഷൽ ട്രെയിൻ സർവീസ് നടത്തുക. കണ്ണൂർ – ബെംഗളൂരു സ്പെഷ്യൽ ട്രെയിന്റെ മടക്കയാത്ര വെള്ളിയാഴ്ച വൈകീട്ട് 4.10ന് ആയിരിക്കും. ബംഗളുരുവിൽ നിന്ന് വീക്കെൻഡിൽ നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ട്രെയിനുകൾ പ്രയോജനപ്പെടും എന്ന് വിലയിരുത്തപ്പെടുന്നു.
Also Read: മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ; നിയമനം കാബിനറ്റ് പദവിയോടെ
സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു
തിരുവനന്തപുരം സെൻട്രൽ– മംഗളൂരു മാവേലി എക്സ്പ്രസിന് ഇരുദിശയിലേക്കും (16603– 16604) ഓരോ സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. ആകെ സ്ലീപ്പർ കോച്ചുകൾ 10. മംഗളൂരുവിൽ നിന്നു നാളെ പുറപ്പെടുന്ന ട്രെയിനിലും പിറ്റേന്നു മുതൽ തിരിച്ചുള്ള ട്രെയിനിലും അധിക കോച്ച് ഉണ്ടാകും. തിരുവനന്തപുരം സെൻട്രൽ– മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസിനും ഇരുദിശയിലേക്കും (16630– 16629) ഓരോ സ്ലീപ്പർ കോച്ച് അധികം ഏർപ്പെടുത്തി. ഇതോടെ ആകെ സ്ലീപ്പർ കോച്ച് 10 ആയി.
ചെന്നൈ എഗ്‌മൂർ– മംഗളൂരു എക്സ്പ്രസിന് ഇരുദിശയിലേക്കും (16159– 16160) ഓരോ സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. ഇതോടെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 12 ആയി. ചെന്നൈയിൽനിന്നു പുറപ്പെടുന്ന ട്രെയിനിൽ ഇന്നുമുതലും മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിനിൽ ഒന്നു മുതലും അധിക കോച്ച് ഉണ്ടാകും.
സ്പെഷൽ ട്രെയിൻ
തിരക്കു നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ചു. ലോകമാന്യ തിലക് – തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ (01463) 15 മുതൽ നവംബർ 19 വരെ എല്ലാ വ്യാഴാഴ്ചയും വൈകിട്ട് 4ന് പുറപ്പെടും. ഇത് വെള്ളിയാഴ്ച രാത്രി 11.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. തിരുവനന്തപുരം നോർത്ത്– ലോകമാന്യതിലക് സ്പെഷൽ എക്സ്പ്രസ് (01464) 17 മുതൽ നവംബർ 21 വരെ എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 2.15ന് പുറപ്പെടും. ഈ ട്രെയിൻ ലോകമാന്യതിലക് സ്റ്റേഷനിൽ ഞായർ രാത്രി 11.55ന് എത്തും.
ദീപാവലി സ്പെഷൽ ട്രെയിൻ ബുക്കിങ് തുടങ്ങി
ദക്ഷിണ റെയിൽവേ കാൺപൂർ സെൻട്രലിനും എസ്എംടിവി ബെംഗളൂരുവിനും ഇടയിൽ പുതിയ ഉത്സവകാല പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. കാൺപൂർ സെൻട്രലിൽ നിന്നും എസ്എംവിടി ബെംഗളൂരുവിലേക്കുള്ള ട്രെയിൻ നമ്പർ 04131 ഒക്ടോബർ നാലു മുതലുള്ള ഞായറാഴ്ച്ചകളിൽ വൈകുന്നേരം 4:30നാണ് പുറപ്പെടും. മടക്ക സർവീസായ ട്രെയിൻ നമ്പർ 04132 ഒക്ടോബർ ഏഴു മുതൽ ബുധനാഴ്ച്ചകളിൽ രാവിലെ 07:10ന് എസ്എംവിടി ബെംഗളൂരുവിൽ നിന്നും കാൺപൂർ സെൻട്രലിലേക്ക് തിരിക്കും.
English Summary
The Railways has announced two special train services from Bengaluru to Kerala. One service will run to Thiruvananthapuram, and the other to Kannur. The special train to Thiruvananthapuram is scheduled to run via Kottayam. The services being operated are the SMVB–Thiruvananthapuram Express (06585) and the SMVB–Kannur Special (06595).