Anandu Death: 15-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി ഓഫീസിൽ ഇന്ന് യുഡിഎഫ് പ്രതിഷേധം
Anandu Death UDF Protest March: വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് എൽഡിഎഫും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. രാവിലെ പത്ത് മണിക്കാണ് മാർച്ച് നടക്കുക. പന്നികളെ പിടികൂടുന്നതിൽ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് എൽഡിഎഫ് ആരോപണം.

നിലമ്പൂര്‍: മലപ്പുറം വഴിക്കടവിൽ കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ച സംഭവത്തിൽ വഴിക്കടവ് കെഎസ്ഇബി ഓഫീസിന് മുന്നിൽ ഇന്ന് യുഡിഎഫ് പ്രതിഷേധം. വൈദ്യുതി കെണിയിൽ പരാതി നൽകിയിട്ടും കെഎസ്ഇബി നടപടി എടുത്തില്ലെന്ന ആരോപിച്ചാണ് യുഡിഎഫിന്റെ പ്രതിഷേധം.
അതേസമയം ഇന്ന് എൽഡിഎഫും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് രാവിലെ പത്ത് മണിക്കാണ് മാർച്ച് നടത്തുക. പന്നികളെ പിടികൂടുന്നതിൽ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് എൽഡിഎഫിന്റെ ആരോപണം. വിദ്യാർത്ഥിയുടെ മരണത്തിൽ ബിജെപിയും പ്രതിഷേധം ശക്തമാക്കുകയാണ്. കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഇന്ന് നിലമ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കും.
പ്രതിപക്ഷ നേതാവ് വിഡി സതീശനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും മരിച്ച അനന്തുവിന്‍റെ വീട് ഇന്ന് സന്ദർശിക്കും. രാവിലെ 10 30 ഓടെയാണ് വി ഡി സതീശൻ വെള്ളക്കെട്ടയിലെ വീട്ടിലെത്തുക. ബാലാവകാശ കമ്മിഷൻ ചെയർപേഴ്സണും വീട്ടിലെത്തും. ഇന്ന് നിലമ്പൂരിൽ എത്തുന്ന വനം മന്ത്രി എ.കെ.ശശീന്ദ്രനും അനന്തുവിന്‍റെ വീട്ടിൽ എത്താനും സാധ്യത ഉണ്ട്.
Also Read:മലപ്പുറം വഴിക്കടവിൽ 15-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്
അതേസമയം അനന്തുവിന്റെ മരണത്തിൽ കൂടുതൽ പേരുടെ ചോദ്യം ചെയ്യൽ ഉണ്ടാകും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെയാണിത്. സംഭവത്തിൽ ഏതെങ്കിലും രീതിയിലുള്ള ഗൂഢാലോചന നടന്നോ എന്നതടക്കം അന്വേഷിക്കും.