Trawling Ban: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം; നിയന്ത്രണം ഇന്ന് അർധരാത്രിമുതൽ
Trawling Ban in Kerala: നിരോധ കാലയളവിൽ നിയമലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കാനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബോട്ടുകളെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കും.

സംസ്ഥാനത്ത് 52 ദിവസം നീളുന്ന മൺസൂൺകാല ട്രോളിങ് നിരോധനം തിങ്കൾ അർധരാത്രിമുതൽ നിലവിൽവരും. രാത്രി 12-ന് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെ നിരോധനം നടപ്പിൽ വരും.
ജൂലൈ 31 അർധരാത്രിവരെ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമേ മീൻ പിടിക്കാനുള്ള അനുമതിയുള്ളൂ. കർശന ഉപാധികൾ ഉണ്ടായിരിക്കും. യന്ത്രവൽകൃത മീൻപിടിത്ത ബോട്ടുകൾ കടലിലിറങ്ങില്ല. നിരോധ കാലയളവിൽ നിയമലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കാനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബോട്ടുകളെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കും.
ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാൽ എന്നീ നാലിടങ്ങളിലാണ് ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. പ്രവർത്തിക്കുന്ന ജില്ലയുടെ കൺട്രോൾ റൂം ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടറുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. അധികൃതർ നൽകുന്ന എല്ലാ നിർദേശങ്ങളും യഥാസമയം പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
അതേസമയം ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ റേഷൻ നൽകാൻ നടപടിയായി. സംസ്ഥാനത്തിന് പുറമേയുള്ള ബോട്ടുകൾ തീരം വിട്ടു. പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിലേർപ്പെടാൻ വിലക്കില്ലെങ്കിലും ഇരട്ട വള്ളങ്ങൾ ഉപയോഗിച്ചുള്ള മീൻപിടിത്തം കർശനമായി നിരോധിച്ചിട്ടുണ്ട്.