Suresh Gopi: സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് പാറക്കല്ലിൽ ഇടിച്ചു; പരിക്കില്ല
Suresh Gopi's Car Accident: വാഹനത്തിന്റെ മുൻവശത്തെ രണ്ട് ടയറുകളും പഞ്ചറായി. അപകടത്തിൽ പരിക്കേൽക്കാതെ മന്ത്രി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ എംസി റോഡിൽ പുതുവേലി വൈക്കം കവലയ്ക്കു സമീപമായിരുന്നു സംഭവം.
കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ട് റോഡരികിലുള്ള പാറക്കല്ലിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശത്തെ രണ്ട് ടയറുകളും പഞ്ചറായി. അപകടത്തിൽ പരിക്കേൽക്കാതെ മന്ത്രി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ എംസി റോഡിൽ പുതുവേലി വൈക്കം കവലയ്ക്കു സമീപമായിരുന്നു സംഭവം.
അപകടത്തെ തുടർന്ന് അര മണിക്കൂറിനടുത്ത് വഴിയിൽ കുരുങ്ങിയ സുരേഷ് ഗോപിയെ കൂത്താട്ടുകുളത്തു നിന്നെത്തിയ പോലീസ് വാഹനത്തിൽ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് മറ്റൊരു വാഹനത്തിൽ അദ്ദേഹം യാത്ര തുടർന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭ്യമാക്കണമെന്ന് പോലീസിനോട് സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്ലം കൊട്ടാരക്കരയിൽ ക്ഷേത്ര കൊടിമരസമർപ്പണത്തിൽ പങ്കെടുത്ത ശേഷം തൃശ്ശൂർ കളക്ടറേറ്റിലെ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. കേരള സർക്കാരിന്റെ നമ്പർ 100 ഔദ്യോഗിക വാഹനം പുതുവേലി ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ കല്ലുകളിൽ ഇടിക്കുകയായിരുന്നു. മുൻ സീറ്റിലായിരുന്നു മന്ത്രി ഇരുന്നത്. ഉടൻ തന്നെ നിയന്ത്രണത്തിലാക്കിയ വാഹനത്തിൽ നിന്ന് ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ ഉദ്യേഗസ്ഥരാണ് മന്ത്രിയെ പുറത്തിറങ്ങാൻ സഹായിച്ചത്.സംഭവം അറിഞ്ഞ് പരിസരവാസികൾ പ്രദേശത്ത് തടിച്ചുകൂടി.