K Sudhakaran: സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം? കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറും?
Possibility of restructuring in KPCC: എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലായിരുന്നു യോഗം. രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം. ജോണ്‍ എന്നിവരുടെ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. ആന്റോ ആന്റണിക്കാണ് മുന്‍തൂക്കം
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉടനെന്ന് സൂചന. കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സുധാകരനെ എഐസിസി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഈ കൂടിക്കാഴ്ചയില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നത് സംബന്ധിച്ച് സുധാകരനെ അറിയിച്ചതായാണ് വിവരം. മാറേണ്ട സാഹചര്യമില്ലെന്നും, എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. പുതിയ അധ്യക്ഷനെ സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടായേക്കും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത
നേതൃതലപ്പത്ത് മാറ്റം വേണമെന്ന് കേരളത്തിന്റെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സുധാകരന്റെ ആരോഗ്യകാരണങ്ങളടക്കം ചൂണ്ടിക്കാട്ടി മാറ്റം വേണമെന്ന കാര്യം നേതാക്കള്‍ അദ്ദേഹത്തോട് വിശദീകരിച്ചു. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുന്നതില്‍ സുധാകരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് വരെ തുടരാന്‍ അനുവദിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലായിരുന്നു യോഗം. രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം. ജോണ്‍ എന്നിവരുടെ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. ആന്റോ ആന്റണിക്കാണ് മുന്‍തൂക്കം.




എന്നാല്‍ കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ലെന്നായിരുന്നു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുധാകരന്‍ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി താല്‍പര്യപ്രകാരം മാറ്റണമെന്ന് തീരുമാനിച്ചാല്‍ തനിക്ക് വിരോധമില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചതായും സുധാകരന്‍ വ്യക്തമാക്കി.