Valparai Accident: വാൽപ്പാറ അപകടത്തിൻ്റെ ഞെട്ടലിൽ മലപ്പുറം പാങ്ങ്; അതീവ ദുഃഖകരമെന്ന് മന്ത്രി ശിവൻകുട്ടി
Valparai Traveler Accident Latest Update: ചുരത്തിലെ ഹെയർപിൻ വളവിൽ വെച്ചാണ് ട്രാവലർ അപകടത്തിൽപെട്ടത്. ഏഴു സ്ത്രീകളും രണ്ട് കുട്ടികളും അപകടത്തിൽ മരിച്ചതായാണ് വിവരം. അതീവ ദുഃഖകരമായ സംഭവമാണെന്നും അപകട വിവരം അറിഞ്ഞ ഉടനെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്ന് കൊയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
മലപ്പുറം: തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ ടെംപോ ട്രാവലർ (Valparai Accident) നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൻറെ ഞെട്ടലിൽ സംസ്ഥാനം. മലപ്പുറം പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അപകടത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി. നാല് പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ചുരത്തിലെ ഹെയർപിൻ വളവിൽ വെച്ചാണ് ട്രാവലർ അപകടത്തിൽപെട്ടത്. ഏഴു സ്ത്രീകളും രണ്ട് കുട്ടികളും അപകടത്തിൽ മരിച്ചതായാണ് വിവരം. അതീവ ദുഃഖകരമായ സംഭവമാണെന്നും അപകട വിവരം അറിഞ്ഞ ഉടനെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംഭവത്തിൽ വേണ്ട സഹായങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയതായി അദ്ദേഹം അറിയിച്ചു.
ALSO READ: കണ്ണീരായി വാൽപ്പാറ യാത്ര; ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 9 മലയാളികൾക്ക് ദാരുണാന്ത്യം
കോയമ്പത്തൂർ കളക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നാണ് വിവരം. മനസ്സ് മരവിക്കുന്ന വാർത്തയാണ് വാൽപ്പാറയിൽ നിന്ന് കേട്ടതെന്ന് പികെ കുഞ്ഞാലിക്കുട്ടി സംഭവത്തിന് പിന്നാലെ പ്രതികരിച്ചു. തമിഴ്നാട് പോലീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു. വാൽപ്പാറ അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണെന്നും കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും കെസി വേണുഗോപാൽ എംപി പ്രതികരിച്ചു.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് വാൽപ്പാറയിലെ 13ാം വളവിൽ വെച്ച് വാഹനം അപകടത്തിൽപ്പെട്ടത്. 13-ാം വളവിൽ നിന്ന് ഒൻപതാം വളവിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ വാഹനം പൂർണമായും തകർന്ന നിലയിലാണ്. ഗുരുതരമായി പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്ന് കൊയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ് ഫാസിത്തായിരുന്നു. ഡ്രൈവറടക്കം നാല് പേരാണ് നിലവിൽ ചികിത്സയിലുള്ളത്.