Vande Bharat: കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളുടെ സമയം മാറി; പുതുക്കിയ സമയമിത്
Vande Bharat Timing Change in Kerala: തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, പാലരുവി എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ട്.

വന്ദേഭാരത്
തിരുവനന്തപുരം: കേരളത്തില്‍ വിവിധ ട്രെയിനുകളുടെ സമയം മാറിയതായി കഴിഞ്ഞ ദിവസമാണ് റെയില്‍വേ അറിയിച്ചത്. ജനുവരി ഒന്ന് മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. സമയം മാറിയ ട്രെയിനുകളുടെ പട്ടികയില്‍ വന്ദേഭാരതും ഇടംപിടിച്ചിട്ടുണ്ട്. നിലവില്‍ വന്ദേഭാരതിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നയാളുകള്‍ക്ക് ചിലപ്പോള്‍ പുതിയ സമയക്രമം വെല്ലുവിളി സൃഷ്ടിച്ചേക്കാം.
കോട്ടയം വഴി കടന്നുപോകുന്ന തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന്റെ ചെങ്ങന്നൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള സമയം മാറി. ചെങ്ങന്നൂരില്‍ നിന്ന് രാവിലെ 6.55 ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ ഇനി മുതല്‍ 6.51ന് പുറപ്പെടും. കോട്ടയത്ത് നിന്ന് 7.27ന് പകരം ജനുവരി ഒന്ന് മുതല്‍ 7.21 നായിരിക്കും വന്ദേഭാരത് പുറപ്പെടുന്നത്.
എറണാകുളം ടൗണില്‍ നിന്ന് നേരത്തെ 8.25ന് എത്തിയിരുന്ന ട്രെയിന്‍ ഇനുമുതല്‍ 8.17ന് എത്തിച്ചേരും. തൃശൂരില്‍ മുമ്പത്തേതിനേക്കാള്‍ പത്ത് മിനിറ്റ് മുന്നെ വന്ദേഭാരത് എത്തും. നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന വിധത്തിലാണ് വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
കാസര്‍കോട്-തിരുവനന്തപുരം എക്‌സ്പ്രസിന്റെ കണ്ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള സമയമാണ് മാറിയത്. എല്ലാ സ്‌റ്റേഷനുകളിലും ഇനിമുതല്‍ നേരത്തെ എത്തിച്ചേരും. എറണാകുളം ടൗണില്‍ നിന്ന് നേരത്തെ 7.20ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ 7.15നാകും പുറപ്പെടുക.
Also Read: Vande Bharat: വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനെത്തുന്നു; മലയാളികള്‍ക്കും സുഗമമായ യാത്ര ഉറപ്പ്
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, പാലരുവി എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ട്.
പാലരുവി എക്‌സ്പ്രസ് രാവിലെ ആറ് മിനിറ്റ് നേരത്തെ എറണാകുളം ടൗണില്‍ എത്തിച്ചേരും. കൊല്ലം മുതല്‍ പാലക്കാട് വരെയുള്ള സമയത്തില്‍ മാറ്റമില്ല. കോഴിക്കോട് ജനശതാബ്ദിയുടെ കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള സമയമാണ് മാറിയത്.
കേരള എക്‌സ്പ്രസിന്റെ തൃശൂര്‍ മുതലുള്ള സമയവും മാറി. എറണാകുളം ടൗണില്‍ നിന്ന് 4.35നായിരിക്കും ഇനി മുതല്‍ ട്രെയിന്‍ പുറപ്പെടുന്നത്. കണ്ണൂര്‍ ജനശതാബ്ദിയുടെ സമയത്തില്‍ 20 മിനിറ്റ് വ്യത്യാസമാണ് വന്നത്.