AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Varkala Train Attack: വർക്കലയിലേത് ഒരോർമ്മപ്പെടുത്തൽ! ട്രെയിനിൽ സ്ത്രീകൾ സ്വയരക്ഷയ്ക്കായി ഈ മുൻകരുതൽ സ്വീകരിക്കൂ

Varkala Train Attack: കോട്ടയത്ത് നിന്നാണ് ഇയാൾ ട്രെയിൻ കയറിയതെന്നാണ് റിപ്പോർട്ട്. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിൽ ആയിരുന്നതായും സൂചന . ഇരയായ പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം

Varkala Train Attack: വർക്കലയിലേത് ഒരോർമ്മപ്പെടുത്തൽ! ട്രെയിനിൽ സ്ത്രീകൾ സ്വയരക്ഷയ്ക്കായി ഈ മുൻകരുതൽ സ്വീകരിക്കൂ
Varkala Train AttackImage Credit source: Unplash/Tv9 Network
ashli
Ashli C | Published: 03 Nov 2025 12:02 PM

സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ ദിനംതോറും വർദ്ധിച്ചു വരികയാണ്. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വരുന്ന സ്ത്രീകളെ സംബന്ധിച്ച് സ്വയരക്ഷയെന്നത് ഒരു ചോദ്യചിഹ്നമായി മാറുകയാണ്. ഇന്നിപ്പോൾ കേരളത്തെ ഞെട്ടിച്ച മറ്റൊരു വാർത്തയാണ് വർക്കലയിൽ നിന്നും എത്തിയത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടിയെ ഒപ്പം യാത്ര ചെയ്തിരുന്നയാൾ ട്രാക്കിലേക്ക് തള്ളിയിട്ടു.

തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ജനറൽ കോച്ചിലാണ് സംഭവം. പെൺകുട്ടി ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്ന നേരത്താണ് ആക്രമണം. സുരേഷ് കുമാർ എന്ന വ്യക്തിയാണ് യുവതിയെ തള്ളി താഴെക്കിട്ടത്. കോട്ടയത്ത് നിന്നാണ് ഇയാൾ ട്രെയിൻ കയറിയതെന്നാണ് സൂചന. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് സൂചന വരുന്നുണ്ട്. ഇരയായ പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

നിലവിൽ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആന്തരിക രക്തമുണ്ടെന്നാണ് വിവരം. താഴെ വീണു ട്രാക്കിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിനിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. ഇത് ആദ്യമായി അല്ല കേരളത്തിൽ ട്രെയിനുകളിൽ വച്ച് സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ഉണ്ടാകുന്നത്. വലുതും ചെറിയതുമായ പല സംഭവങ്ങളും അരങ്ങേറാറുണ്ട്. അതിൽ കേരളത്തെ ആകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു സൗമ്യവധക്കേസ്. 2011 ഫെബ്രുവരിയിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

എറണാകുളം ഷൊർണൂർ പാസഞ്ചർ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റ് യാത്ര ചെയ്തിരുന്ന സൗമ്യയെ തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തള്ളി താഴേക്ക് ഇടുകയായിരുന്നു. തുടർന്ന് റെയിൽവേ ട്രാക്കിംഗ് സമീപമുള്ള കുറ്റിക്കാട്ടിൽ വച്ച് ആ 23 കാരിയെ ക്രൂരമായി ബലാൽസംഗം ചെയ്യുകയും ചെയ്തു. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. കേൾക്കുന്ന ആരുടെയും നെഞ്ച് തകർക്കുന്ന രീതിയിലുള്ള ക്രൂരമായ പീഡനം ആയിരുന്നു ആ പെൺകുട്ടി നേരിട്ടത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ പിന്നീട് 2011 ഫെബ്രുവരി 6ന് മരണപ്പെട്ടു.

ഇത്തരത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ പല വെല്ലുവിളികളാണ് നേരിടുന്നത്. ഇതിനെ ചെറുക്കുന്നതിനായി സ്വയം ചില മുൻകരുതലകൾ എടുക്കേണ്ടത് അനിവാര്യമാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

  1. ‌നമുക്ക് നേരെ ഒരു ആക്രമണം വരുകയാണെങ്കിൽ ആദ്യം പേടിക്കാതിരിക്കാൻ ശ്രമിക്കുക. ഉറക്കെ ശബ്ദം ഉണ്ടാക്കുക. ഇത് ആക്രമിയെ പിന്തിരിപ്പിക്കാനും മറ്റ് യാത്രക്കാരുടെ ശ്രദ്ധ ആകർഷിക്കാൻ സഹായിക്കും.
  2. അത്യാവശ്യഘട്ടങ്ങളിൽ ട്രെയിൻ നിർത്തുവാൻ വേണ്ടി ഉടൻതന്നെ കമ്പാർട്ട്മെന്റിലെ എമർജൻസി ചെയിൻ വലിക്കുക. ശേഷം ട്രെയിനിലെ ടിക്കറ്റ് എക്സാമിനറെ അല്ലെങ്കിൽ ഗാർഡിനെ വിവരം അറിയിക്കാൻ ശ്രമിക്കുക. തുടർന്ന് അടുത്ത സ്റ്റേഷനിലെ പോലീസിനെ അറിയിക്കുവാനും ആവശ്യപ്പെടുക.
  3. റെയിൽവേയുടെ സഹായ നമ്പറുകളും ഉപയോഗിക്കാവുന്നതാണ്. 139,182 എന്നീ നമ്പറുകളിൽ സഹായം അഭ്യർത്ഥിച്ചു വിളിക്കുക. 139 (റെയിൽവേ എൻക്വയറി/സുരക്ഷാ സഹായം): ഈ നമ്പറിൽ വിളിക്കുകയോ SMS അയക്കുകയോ ചെയ്താൽ നിങ്ങളുടെ കംപാർട്ട്‌മെൻ്റ് നമ്പർ സഹിതം കൃത്യമായ വിവരങ്ങൾ നൽകുക. 182 (റെയിൽവേ സംരക്ഷണ സേന – RPF): റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൻ്റെ (RPF) അടിയന്തിര സഹായ നമ്പർ ആണ് 182.112 (പൊതു എമർജൻസി നമ്പർ): ഇന്ത്യയിലെ പൊതു അടിയന്തിര സഹായത്തിനായി വിളിക്കുക.
  4. സ്വയരക്ഷക്കായി നിങ്ങളുടെ കൈവശമുള്ള ബാഗ് കൂടെ വെള്ള കുപ്പി പോലുള്ള കട്ടിയുള്ള വസ്തുക്കൾ ഉപയോഗിച്ച് അക്രമിയെ പ്രതിരോധിക്കുക.
  5. കഴിവതും നിങ്ങൾ ഇപ്പോൾ ഒരു കമ്പാർട്ട്മെന്റിൽ കയറി അതിൽ ആളുകൾ കുറവാണ് അല്ലെങ്കിൽ നിങ്ങൾ തനിച്ചാണ് എന്നും ബോധ്യപ്പെട്ടു കഴിഞ്ഞാൽ മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് മാറുക. എപ്പോഴും കൂടുതൽ ആളുകൾ സഞ്ചരിക്കുന്ന കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യാൻ ശ്രദ്ധിക്കുക.
  6. നിങ്ങൾ സഞ്ചരിക്കുന്ന കോച്ചിന്റെ നമ്പർ കൃത്യമായി മനസ്സിലാക്കുകയും ഓർത്തുവയ്ക്കുകയും ചെയ്യുക. ഏതെങ്കിലും ഘട്ടത്തിൽ നിങ്ങൾ എമർജൻസി കോൾ ചെയ്യേണ്ടി വന്നാൽ നിങ്ങളുടെ കോച്ച് കൃത്യമായി പറഞ്ഞു നൽകാൻ ഇത് സഹായകരമാകും.
  7. രാത്രികാലങ്ങളിൽ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ നിങ്ങളുടെ കമ്പാർട്ട്മെന്റിലെ വാതിലുകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. പ്രത്യേകിച്ചും സ്ത്രീകൾ മാത്രമുള്ള കമ്പാർട്ട്മെന്റിലാണെങ്കിൽ ഇത് ഉറപ്പുവരുത്തേണ്ടതാണ്.
  8. നമുക്ക് മുൻ പരിചയം ഇല്ലാത്തവരുമായുള്ള അടുപ്പം ഒഴിവാക്കുക. അമിതമായി സംസാരിക്കുകയോ ഭക്ഷണപാനീയങ്ങൾ പങ്കുവയ്ക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.
  9. ഇനി അഥവാ നിങ്ങൾക്ക് നേരെ എന്തെങ്കിലും അതിക്രമം ഉണ്ടായിക്കഴിഞ്ഞാൽ സഹായത്തിന് എത്തിയ മറ്റ് യാത്രക്കാരെ ശ്രദ്ധിക്കുക അവരുടെ കോൺടാക്ട് വിവരങ്ങൾ ലഭ്യമാണെങ്കിൽ അത് വാങ്ങി സൂക്ഷിക്കുക. ആക്രമണത്തെ ചെറുത്ത ശേഷം ഏറ്റവും അടുത്തുള്ള റെയിൽവേ പോലീസ് സ്റ്റേഷനിലോ റെയിൽവേ സംരക്ഷണ സേനയുടെ ഓഫീസിലോ ഉടൻതന്നെ രേഖാമൂലം ഒരു പരാതി എഴുതി നൽകുക.