Varkala Train Attack: ‘ഇതാണോ ട്രെയിനിലെ സുരക്ഷ; മതിയായ ചികിത്സ കിട്ടുന്നില്ല’; ഗുരുതര ആരോപണവുമായി ശ്രീക്കുട്ടിയുടെ കുടുംബം
Varkala Train Attack: മകളുടെ ആരോഗ്യനില ഗുരുതരമാണെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അമ്മ പ്രിയദര്‍ശിനി ആരോപിച്ചു. മകൾക്ക് വിദഗ്ദ ചികിത്സ നൽകണമെന്നും ഇതാണോ ട്രെയിനിലെ സുരക്ഷയെന്നും അമ്മ പറഞ്ഞു.

Varkala Train Attack
തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് പെൺകുട്ടിയുടെ കുടുംബം. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പെൺകുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന കുടുംബം ആരോപിച്ചു.
മകളുടെ ആരോഗ്യനില ഗുരുതരമാണെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അമ്മ പ്രിയദര്‍ശിനി ആരോപിച്ചു. മകൾക്ക് വിദഗ്ദ ചികിത്സ നൽകണമെന്നും ഇതാണോ ട്രെയിനിലെ സുരക്ഷയെന്നും അമ്മ പറഞ്ഞു. മകളുടെ ശരീരത്ത് ഇരുപതോളം മുറിവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇപ്പോള്‍ ആവശ്യമായ ചികിത്സയൊന്നും ലഭിക്കുന്നില്ലെന്നും പ്രിയദര്‍ശിനി പറഞ്ഞു.
അതേസമയം ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. വെന്റിലേറ്ററിൽ കഴിയുന്ന പെൺകുട്ടിക്ക് ആന്തരിക രക്തസ്രാവം കുറഞ്ഞിട്ടുണ്ട്. അതേസമയം റെയിൽവെ പോലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് താൻ ചവിട്ടി താഴെ ഇട്ടതെന്നാണ് സുരേഷ് കുമാറിന്റെ മൊഴി.
Also Read:വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ടു; യുവതി ഗുരുതരാവസ്ഥയിൽ, പ്രതി പിടിയിൽ
കഴിഞ്ഞ ദിവസം രാത്രി കേരള എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് 19 വയസ്സുകാരിയെ ചവിട്ടിത്തള്ളി താഴെയിടുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന സഹയാത്രികനാണ് പ്രതി. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. ശുചിമുറിയിലേക്ക് പോയതായിരുന്നു പെൺകുട്ടി. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.