Vellappally Natesan: പത്മഭൂഷണ്‍ വാങ്ങില്ല എന്ന നിലപാടില്‍ മാറ്റമുണ്ടോ? വ്യക്തമാക്കി വെള്ളാപ്പള്ളി
Vellappally Natesan on receiving the Padma Bhushan award: പത്മഭൂഷണ്‍ തനിക്ക് വേണ്ടെന്നും, തരാമെന്ന് പറഞ്ഞാലും മേടിക്കില്ലെന്നുമുള്ള മുന്‍ നിലപാടിനെക്കുറിച്ച് പ്രതികരിച്ച് വെള്ളാപ്പള്ളി നടേശന്‍. വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി.

Vellappally Natesan
ആലപ്പുഴ: പത്മഭൂഷണ്‍ തനിക്ക് വേണ്ടെന്നും, തരാമെന്ന് പറഞ്ഞാലും മേടിക്കില്ലെന്നുമുള്ള മുന്‍ നിലപാടിനെക്കുറിച്ച് പ്രതികരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ വിവാദമുണ്ടാക്കുന്നതാണ്. അവാര്‍ഡുകളുടെയെല്ലാം നിലവാരം പലപ്പോഴും താഴ്ന്നുപോകുന്നുണ്ട്. അതുകൊണ്ടാണ് അന്ന് അങ്ങനെ പറഞ്ഞതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ഈ സന്ദര്‍ഭത്തില്‍ അത് കുത്തിപ്പൊക്കി വിവാദം സൃഷ്ടിച്ച് റേറ്റിങ് വര്‍ധിപ്പിക്കാന്‍ നോക്കുന്നത് ശരിയല്ല. നല്ലത് പറയാന്‍ പഠിക്കണമെന്നും പത്മഭൂഷണ്‍ ലഭിച്ചതിനെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ വെള്ളാപ്പള്ളി വ്യക്തമാക്കി. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തനിക്ക് പത്മ പുരസ്‌കാരം നല്‍കാത്തതിനെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു.
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അവാര്‍ഡ് കൊടുത്തവര്‍ അത്ര മോശക്കാരല്ല. അവരൊക്കെ മാന്യമാരും, മിടുക്കരും, അര്‍ഹതയുള്ളവരുമായിരുന്നു. അവാര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. ആരൊക്കെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും, ശുപാര്‍ശ ചെയ്തിട്ടുണ്ടോയെന്നും തനിക്കറിയില്ല. താന്‍ ഒന്നിനും ശ്രമിച്ചിട്ടില്ല. ആരോടും പറഞ്ഞിട്ടുമില്ല. അവാര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമോയെന്ന് പോലും അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Also Read: Padma Awards 2026: അഭിമാനം വാനോളം; വിഎസിന് പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ
മാവേലിക്കരയില്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോഴാണ് അവാര്‍ഡ് വിവരം അറിയുന്നത്. വാര്‍ത്ത ടിവിയില്‍ കണ്ട ഒരാള്‍ വിളിച്ചുപറയുകയായിരുന്നു. അത് കേട്ട് അന്തംവിട്ടുപോയി. അര്‍ഹതയുണ്ടോ ഇല്ലയോ എന്ന് തനിക്കും സംശയമുണ്ട്. ഇത് കിട്ടാന്‍ ആഗ്രഹിച്ചുനടക്കുന്ന ഒരുപാടു പേരുണ്ട്. സമുദായം ഏല്‍പിച്ച കസേരയില്‍ ഇരുന്ന് സത്യസന്ധമായി തന്റെ കര്‍മ്മം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്മഭൂഷണ്‍ വേണ്ടെന്നും, അതിന് വല്ല വിലയുമുണ്ടോയെന്നുമാണ് ഏതാനും നാളുകള്‍ക്ക് മുമ്പ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി പറഞ്ഞത്. അതിന് അന്തസുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം. തരാമെന്ന് പറഞ്ഞാലും മേടിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.