Voter List Update: വോട്ടർ പട്ടിക പുതുക്കൽ, ആഗസ്റ്റ് 12 വരെ അവസരം; ആവശ്യമായ രേഖകൾ ഇവ…
Voter list update: ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. അതിൽ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 12 വരെ നീട്ടി. ഇതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 9,10 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കും.
പേര് ചേര്‍ക്കുന്നതിനും, പട്ടികയിലെ വിലാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തുന്നതിനും ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്കാ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാം.
ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. അതിൽ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് (ഇ.ആർ.ഒ) സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെയും അപേക്ഷ നൽകാവുന്നതാണ്.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍. പരാതികളുണ്ടെങ്കിൽ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം.
ആവശ്യമായ രേഖകൾ
വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, എസ്എസ്എഷസി ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് മുതലായവ. ഹിയറിങ് സമയത്ത് ഇവയിൽ ഒരു രേഖ ഹാജരാക്കിയാൽ മതി. സ്ഥലത്തില്ലാത്തവർക്ക് ഓൺലൈൻ മുഖേനയോ വിഡിയോ കോൾ വഴിയോ ഹിയറിങ് നടത്താം. ഇആർഒയുടെ തീരുമാനമാണ് അന്തിമം.