V S Achuthanandan: ചില മരണങ്ങൾ കരയിക്കും.ചില മരണങ്ങൾ കൊതിപ്പിക്കും. ബൈ ബൈ വിഎസ് – ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു
VS Achuthanandan's Demise Viral fb post: ചില മരണങ്ങൾ അത്ഭുതപ്പെടുത്തും. അപ്പോൾ, അപ്പോൾ മാത്രമെങ്കിലും നമ്മളോർക്കും മരിക്കുന്നത് എത്ര സുന്ദരമായൊരു അനുഭവമാണെന്ന്...അഴീക്കോടൻ്റെ അന്ത്യയാത്ര യാദൃശ്ചികമായി ബസ്സിലിരുന്നും AKGയുടെ വിലാപയാത്ര ഹൈവേയിലുള്ള ഹൈസ്കൂളിൻ്റെ മതിലകത്തു നിന്നും കണ്ടു.
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട്, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ മനോജ് വെള്ളനാട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വി.എസ്സിനൊപ്പം ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും ഇ.കെ. നായനാരെയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും അദ്ദേഹം ഈ അവസരത്തിൽ ഓർത്തെടുത്തു. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പൂർണ്ണത മരണശേഷമുള്ള ആ യാത്രയിൽ തെളിഞ്ഞുകാണാൻ സാധിക്കുമെന്ന് ഡോക്ടർ തന്റെ കുറിപ്പിൽ പറയുന്നു.
ഇഎംഎസ്ൻ്റെ മരണവാർത്ത കേൾക്കുമ്പോൾ ഞാൻ കൊയ്ത്ത് കഴിഞ്ഞ് കിടക്കുന്ന അമ്പറ വയലിൽ ചേട്ടന്മാരടിക്കുന്ന ബൗണ്ടറികൾക്ക് ബോള് പെറുക്കാൻ നിൽക്കുവായിരുന്നു. കളിക്കാൻ മോശമായതു കൊണ്ട് ടീമിലെടുത്തില്ല. അന്ന് പതിനൊന്ന് വയസ് ആയിട്ടില്ല എനിക്ക്. എന്നാലും മരിച്ചത് EMS ആണെന്നും ഭയങ്കര വലിയ ആളാണെന്നും അറിയാം എന്ന് അദ്ദേഹം ഓർക്കുന്നു.
നായനാർ മരിക്കുമ്പോൾ +2 കഴിഞ്ഞുള്ള വെക്കേഷനാണ്. അടുത്ത് എന്ത് എന്ന കൺഫ്യൂഷനടിച്ച് നടക്കുന്ന കാലം. അന്ന് അനുരാജിൻ്റെ വീട്ടിലെ ടീവിക്ക് മുമ്പിലിരുന്ന് നയനാരുടെ വിലാപയാത്ര കുറേ നേരം കണ്ടു. ഉച്ചയ്ക്ക് വീട്ടിൽ പോയി ചോറ് കഴിച്ചിട്ട് വീണ്ടും വന്നിരുന്ന് കണ്ടു. വലിയ കാര്യങ്ങൾ ചെയ്യുന്ന മനുഷ്യർ ശരിക്കും മരിക്കുന്നില്ല എന്ന ചിന്ത ആദ്യമായി മനസിൽ കയറിയത് ആ കാഴ്ചകൾ കണ്ടപ്പോഴാണ് എന്നും അദ്ദേഹം കുറിപ്പിൽ പങ്കു വെയ്ക്കുന്നു. ഇതുപോലെ അത്ഭുതത്തോടെ കണ്ട വിലാപയാത്ര ആയിരുന്നു ഉമ്മൻചാണ്ടിയുടേത് എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
ഇന്നോ നാളെയോ മരിക്കും എന്ന് ഏതാണ്ട് ഉറപ്പുണ്ടായിരുന്ന രണ്ടു പേരായിരുന്നു എം.ടി.യും വി.എസും. ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്ന വാർത്ത. പക്ഷെ മരിച്ചു എന്ന് കേട്ടനിമിഷം എന്തോ ഒരു ശൂന്യത വന്ന് നിറയുന്ന പോലെ ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. 20 വർഷമായി ഒന്നുമെഴുതാത്ത എംടിയും ആറേഴ് വർഷമായി രംഗത്തില്ലാത്ത വിഎസും. എന്നിട്ടും അതുറപ്പിച്ച നിമിഷം മുതൽ ചെയ്തു കൊണ്ടിരുന്ന കാര്യങ്ങൾ തുടരാനാവാത്ത അവസ്ഥയെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ചില മരണങ്ങൾ കരയിക്കും. ചില മരണങ്ങൾ കൊതിപ്പിക്കും. ചിലത് രണ്ടും കൂടിയും. എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.
നമുക്ക് ഇഷ്ടമുള്ള ആളുകൾ മരിക്കുമ്പോൾ ആണ് ഒരു ശൂന്യത അനുഭവപ്പെടുന്നത്. എന്നാൽ ഒട്ടും ഇഷ്ടമല്ലാത്ത ആളുകൾ മരിക്കുമ്പോൾ നമുക്ക് അത് അനുഭവപ്പെടുകയേയില്ല. എന്നാലും മരിച്ചു പോയല്ലോ ഇനി ഒന്നും കുറ്റം പറയാൻ പറ്റില്ലല്ലോ എന്ന തോന്നൽ ഒന്നും ഉണ്ടാവുകയുമില്ല. എന്ന് ഒരാൾ പറയുന്നു.
ചില മരണങ്ങൾ അത്ഭുതപ്പെടുത്തും. അപ്പോൾ, അപ്പോൾ മാത്രമെങ്കിലും നമ്മളോർക്കും മരിക്കുന്നത് എത്ര സുന്ദരമായൊരു അനുഭവമാണെന്ന്…അഴീക്കോടൻ്റെ അന്ത്യയാത്ര യാദൃശ്ചികമായി ബസ്സിലിരുന്നും AKGയുടെ വിലാപയാത്ര ഹൈവേയിലുള്ള ഹൈസ്കൂളിൻ്റെ മതിലകത്തു നിന്നും കണ്ടു.
പ്രവാസി ആയതിനാൽ ബാക്കി നേതാക്കളുടെ അന്ത്യയാത്ര പത്രങ്ങളിലൂടെ അറിഞ്ഞതല്ലാതെ നേരിട്ട് അനുഭവിച്ചില്ല. ഉമ്മൻചാണ്ടിയുടെ വിലാപയാത്രയ്ക്ക് പ്രൊഫഷണൽ ടച്ചുണ്ടായിരുന്നു. ഒരു റോഡ് ഷോ പോലെ. ഇതൊരഭൂതപൂർവ്വമായ അനുഭവം. ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയവിലാപം നേരിൽക്കണ്ടു…. എന്ന് മറ്റൊരാൾ കുറിക്കുന്നു.
ഉന്നതകുലത്തിൽ ജനിച്ചില്ല, വിദ്യാവൃദ്ധനോ ധനവൃദ്ധനോ അല്ല. മനുഷ്യന്റെ പ്രയാസങ്ങൾ നെഞ്ചിലേറ്റി അതില്ലാതാക്കാൻ പോരാടിയ പച്ചമനുഷ്യൻ. ആദരാഞ്ജലികൾ സഖാവേ…. എന്നാണ് ഒരു കമന്റ്.