VS Achuthanandan: പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തി ജനസാഗരം; വിഎസിന്റെ മൃതദേഹം എകെജി സെന്ററിലെത്തിച്ചു
VS Achuthanandan's body brought to the AKG centre: വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് പ്രദേശത്തേക്ക് ഒഴുകിയെത്തുന്നത്. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തുനിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്
വിഎസ് അച്യുതാനന്ദന് അത്രമേല്‍ പ്രിയപ്പെട്ട എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് അവസാനമായി അദ്ദേഹം ഒരിക്കല്‍ കൂടിയെത്തി. പട്ടം എസ്‌യുടി ആശുപത്രിയില്‍ നിന്ന് രാത്രി 7.15 ഓടെയാണ് വിഎസിന്റെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു. മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ വിഎസിനെ സിപിഎമ്മിന്റെ കൊടി പുതപ്പിച്ചു.
വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് പ്രദേശത്തേക്ക് ഒഴുകിയെത്തുന്നത്. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തുനിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ‘കണ്ണേ കരളേ വിഎസേ, ഇല്ല ഇല്ല മരിക്കുന്നില്ല’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെയാണ് വിഎസിന്റെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലെത്തിച്ചത്.




എകെജി പഠനഗവേഷണ കേന്ദ്രത്തില്‍ നിന്നു വിഎസിന്റെ മൃതദേഹം മകന്‍ വിഎ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോകും. അര്‍ധരാത്രി 12 മണിയോടെയാകും മൃതദേഹം മകന്റെ വസതിയിലേക്ക് കൊണ്ടുപോകുന്നത്. നാളെ രാവിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.