VS Achuthanandan: വിഎസ് അച്യുതാനന്ദന്റെ പൊതുദര്‍ശനം; ആലപ്പുഴയില്‍ ബുധനാഴ്ച നിയന്ത്രണങ്ങള്‍, വിശദാംശങ്ങള്‍
VS Achuthanandan Demise: വിഎസിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ എത്തിച്ചു. പൊതുദര്‍ശനം ഇപ്പോഴും തുടരുകയാണ്. നിരവധി പേരാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തുന്നത്
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം ബുധനാഴ്ച രാവിലെ 11 മുതല്‍ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. ചൊവ്വാഴ്ച ഉച്ചയോടെ വിഎസിന്റെ ഭൗതികശരീരം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രി ഒമ്പത് മണിയോടെ ആലപ്പുഴയിലെ വസതിയില്‍ ഭൗതികശരീരം എത്തിക്കും.
ബുധനാഴ്ച രാവിലെ ഒമ്പത് മണി വരെ വിഎസിന്റെ മൃതദേഹം ആലപ്പുഴയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 10 മണിയോടെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 11 മുതല്‍ മൂന്ന് മണി വരെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് നാലു മണിയോടെ വലിയ ചുടുകാടില്‍ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കരിക്കും.
പൊതുദര്‍ശനത്തിന്റെ ഭാഗമായി ബീച്ചില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നഗരത്തില്‍ ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേസമയം, വിഎസിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ എത്തിച്ചു. പൊതുദര്‍ശനം ഇപ്പോഴും തുടരുകയാണ്. നിരവധി പേരാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തുന്നത്. അര്‍ധരാത്രിയില്‍ മകന്‍ അരുണ്‍കുമാറിന്റെ വസതിയിലേക്ക് വിഎസിന്റെ ഭൗതികശരീരം കൊണ്ടുപോകും.