Wayanad Mundakkai Latest Updates: മുണ്ടക്കൈ ഭാഗത്തുനിന്ന് വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ; ഉരുൾപൊട്ടിയോ എന്ന് സംശയം
Doubts Of Landslide In Mundakkai: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയോ എന്ന സംശയവുമായി നാട്ടുകാർ. മുണ്ടക്കൈ വനമേഖലയിൽ മഴ ശക്തമാണ്.

വയനാട് മുണ്ടക്കൈ ഭാഗത്ത് ഉരുൾപൊട്ടിയോ എന്ന് സംശയം. വനപ്രദേശത്തുനിന്ന് വലിയ ശബ്ദം കേട്ടു എന്ന് നാട്ടുകാർ പറഞ്ഞു. പുന്നപ്പുഴ കലങ്ങി ഒഴുകുകയാണ്. ഇതോടെയാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയോ എന്ന സംശയമുയർന്നത്. ഏഷ്യാനെറ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മുണ്ടക്കൈ വനപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 100 മില്ലിമീറ്റർ വരെ മഴ മുണ്ടക്കൈ വനമേഖലയിൽ പെയ്തു എന്നാണ് വിവരം. ചൂരൽ മലയിലും മഴ ശക്തമാണ്. കഴിഞ്ഞ ഉരുൾപൊട്ടലിൽ നിർമ്മിച്ച ബെയ്‌ലി പാലത്തിന് സമീപം നാട്ടുകാർ കൂട്ടം ചേർന്നിട്ടുണ്ട്. പുഴയിലൂടെ ചളി കലർന്ന വെള്ളമാണ് ഒഴുകുന്നത്. മണ്ണിടിച്ചിൽ ഭീതിയിൽ പോലീസും ഫയർഫോഴ്സും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ;പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്തും. പ്രദേശവാസികൾക്ക് ജാഗ്രതാനിർദ്ദേശം നൽകി.
ചെറുതായി ഉരുൾപൊട്ടിയിട്ടുണ്ടാവുമെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ ഉരുൾപൊട്ടിയ ഇടത്ത് മണ്ണിടിച്ചിൽ ഉണ്ടായി എന്നും നാട്ടുകാർ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഉരുൾപൊട്ടിയപ്പോൾ അന്ന് ഉണ്ടായ അതേ മണം വന്നു എന്നും ബെയ്‌ലി പാലത്തിൻ്റെ മുക്കാൽ ഭാഗത്തോളം വെള്ളം കയറിയിരുന്നു എന്നും നാട്ടുകാർ പ്രതികരിച്ചു. മുണ്ടക്കൈ പ്രദേശത്തുനിന്നാണ് ശബ്ദം കേട്ടത്. ഇപ്പോൾ മഴ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പുഴയിലെ വെള്ളവും കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട, ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. ജൂൺ 25ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇരട്ട ചക്രവാതച്ചുഴിയുടെ ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.