Kerala Rain Alert: ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് കാറ്റും മഴയും തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update June 25: മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് (ജൂൺ 25) ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 28ന് വടക്കൻ കേരളത്തിൽ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ, തെക്കൻ ഉത്തർപ്രദേശിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: കോട്ടയത്ത് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ
അതേസമയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജൂൺ 26ന് രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.