VS Achuthanandan: വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ നിർണായക അപ്ഡേറ്റുമായി ആശുപത്രി; ചികിത്സ പ്രത്യേക മെഡിക്കൽ സംഘത്തിൻ്റെ മേൽനോട്ടത്തിൽ
VS Achuthanandan Health Update: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയെപ്പറ്റിയുള്ള അപ്ഡേറ്റ് അറിയിച്ച് തിരുവനന്തപുരം പട്ടത്തെ ശ്രീ ഉത്രാടം തിരുനാൾ ആശുപത്രി. തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ നിർണായക അപ്ഡേറ്റുമായി ആശുപത്രി. തിരുവനന്തപുരം പട്ടത്തെ ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിലാണ് വിഎസ് അച്യുതാനന്ദൻ ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഈ മാസം 23 തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം കഴിയുന്നത്.
ആരോഗ്യനിലയിൽ ഇതുവരെ കാര്യമായ മാറ്റങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. വിഎസിൻ്റെ നില തൽസ്ഥിതിയിൽ തുടരുകയാണെന്ന് വാർത്താകുറിപ്പിലൂടെ എസ്‌യുടി ആശുപത്രി അധികൃതർ അറിയിച്ചു. വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ കഴിയുന്നത്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ദരുടെയൊക്കെ സംയുക്ത സംയുക്ത പരിചരണത്തിലാണ് വിഎസ് കഴിയുന്നത്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും ഈ മാസം 24ന് ചേർന്ന മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നു. വിഎസിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം മകൻ അരുൺ കുമാർ പറഞ്ഞിരുന്നു.
കടുത്ത ആരോഗ്യപ്രശ്നങ്ങൾ മൂലം ഏറെക്കാലമായി വിശ്രമജീവിതം നയിക്കുകയായിരുന്നു വിഎസ്. തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള അരുൺ കുമാറിന്റെ വീട്ടിലാണ് വിഎസ് താമസിച്ചുവന്നിരുന്നത്. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടാവുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഎസിനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ചിരുന്നു.
കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി 2006 ലാണ് വിഎസ് അച്യുതാനന്ദൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഏറ്റവും പ്രായം കൂടിയ കേരള മുഖ്യമന്ത്രിയാണ് വിഎസ്. നിലവിൽ 101 വയസാണ് വിഎസ് അച്യുതാനന്ദൻ്റെ പ്രായം.