ഇത് ആവർത്തിച്ചാൽ വരുന്നകാര്യം ഇനി നേരത്തെ പറയില്ല; വയനാട്ടിൽ വന്ന പ്രിയങ്ക ഗാന്ധിക്ക് അതൃപ്തി
Priyanka Gandhi MP Wayanad Visit: വയനാട്ടിൽ സന്ദർശനത്തിന് എത്തിയ സ്ഥലം എംപിയായ പ്രിയങ്ക ഗാന്ധി വിവിധയിടങ്ങളിൽ സന്ദർശനങ്ങൾ നടത്തുകയും നാട്ടുകാരുമായി ചിത്രങ്ങളെടുക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മലപ്പുറം മലവെള്ളപ്പാച്ചിൽ ദുരന്തത്തിൽ ജീവൻ നഷ്ടമായ സജിതയുടെ കുടുംബത്തെ പ്രിയങ്ക ആശ്വസിപ്പിച്ചു. മണ്ഡലത്തിലെ വിവിധയിടങ്ങളിലെ സന്ദർശനത്തിനിടെ ഓട്ടോറിക്ഷ തൊഴിലാളികൾക്കൊപ്പവും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒപ്പവും നിന്ന് ചിത്രങ്ങൾ എടുത്തു.

Priyanka Gandhi Mp Wayanad Visit
നിലമ്പൂർ: വയനാട്ടിൽ സന്ദർശനത്തിന് എത്തിയ സ്ഥലം എംപിയായ പ്രിയങ്ക ഗാന്ധിക്ക് അതൃപ്തി. വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനത്തിന് എത്തിയ പ്രിയങ്കയ്ക്ക് വൻ സുരക്ഷയാണ് സിആർപിഎഫ് ഒരുക്കിയത്. ഇതിനെതിരേ അവർ രംഗത്തെത്തുകയായിരുന്നു. ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യം തനിക്കില്ലെന്നും സുരക്ഷാ ജീവനക്കാരുടെ എണ്ണക്കൂടുതൽ സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി എംപി വ്യക്തമാക്കി. ഇത്തരം നടപടികൾ ഇനി ആവർത്തിച്ചാൽ മണ്ഡലത്തിലേക്ക് സന്ദർശനത്തിന് എത്തുന്നതിന്റെ വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ലെന്നും എംപി മുന്നറിയിപ്പ് നൽകി. മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ട സജിതയുടെ നിലമ്പൂർ മുണ്ടേരിയിലെ വീട് സന്ദർശിക്കുന്നതിനിടയിലാണ് പ്രിയങ്ക ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരോട് അതൃപ്തി പരസ്യമാക്കിയത്.
വയനാട്ടിലെത്തിയ എംപിയായ പ്രിയങ്ക വിവിധയിടങ്ങളിൽ സന്ദർശനങ്ങൾ നടത്തുകയും നാട്ടുകാരുമായി ചിത്രങ്ങളെടുക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മലപ്പുറം മലവെള്ളപ്പാച്ചിൽ ദുരന്തത്തിൽ ജീവൻ നഷ്ടമായ സജിതയുടെ കുടുംബത്തെ പ്രിയങ്ക ആശ്വസിപ്പിച്ചു. കുടുംബത്തിന്റെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ അവർ അനുഭാവപൂർവ്വമായ ഇടപെടൽ നടത്തുമെന്ന ഉറപ്പ് നൽകി. സജിതയുടെ വീട് നന്നാക്കാനുള്ള സഹായങ്ങൾ എത്തിക്കുമെന്നടക്കമുള്ള വാഗ്ദാനങ്ങൾ നൽകിയായിരുന്നു മടക്കം.
ALSO READ: മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമോ? സത്യമെന്ത്; വ്യക്തത വരുത്തി എംവിഡി
സജിതയുടെ അപ്പൻകാപ്പ് ഉന്നതിയിലെ വീട്ടിലേക്കുള്ള യാത്രമധ്യേ വഴിയിൽ കണ്ട തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒപ്പവും ഓട്ടോ റിക്ഷാ തൊഴിലാളികൾക്ക് ഒപ്പവും ചിത്രങ്ങളെടുത്ത് അവരെ സന്തോഷിപ്പിച്ചാണ് മണ്ഡല സന്ദർശനം സജീവമാക്കിയത്. ഓട്ടോറിക്ഷ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ പ്രിയങ്ക ഗാന്ധി നേരിട്ട് ചോദിച്ചറിഞ്ഞു. നിലവിലെ പെർമിറ്റുകൾ പുതിയ ഇലക്ട്രിക് ഓട്ടോയിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് ഗതാഗത വകുപ്പ് അനുമതി നൽകണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ ആവശ്യപ്പെട്ടു.
പ്രദേശത്തെ മൊബൈൽ സിഗ്നൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രിയങ്ക നാട്ടുകാർക്ക് ഉറപ്പുനൽകി. തൊഴിലുറപ്പ് തൊഴിലാളികളുടെ പോർട്ടൽ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, മണ്ഡലത്തിൽ രൂക്ഷമായ വന്യജീവി – മനുഷ്യ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പ്രത്യേക യോഗങ്ങൾ വിളിച്ചുചേർക്കുമെന്നും വയനാട് എംപി അറിയിച്ചു.
പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവേ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ പ്രിയങ്ക രൂക്ഷമായി വിമർശിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തന്നെ ചട്ടങ്ങൾ ലംഘിച്ചുവെന്നും ആര് ചട്ടലംഘനം നടത്തിയാലും അവർക്കെതിരെ കൃത്യമായ അന്വേഷണം നടത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടുകൾ രാജ്യം കണ്ടതാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം ക്രമക്കേടുകൾക്ക് സഹായം നൽകുന്നുവെന്ന ആരോപണം ശരിയാണെങ്കിൽ അത് വളരെ ഗൗരവത്തോടെ അന്വേഷിക്കേണ്ട വിഷയമാണ്. തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഇക്കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും അത് അനുവദിക്കുന്നുണ്ടെങ്കിൽ അതും ഗുരുതരമാണ്. രാജ്യത്ത് തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കപ്പെടുകയോ, ക്രമക്കേടുകൾ നടത്തുകയോ ചെയ്യപ്പെടുന്നുവെങ്കിൽ അത് ജനാധിപത്യത്തിന് ഗുരുതര ഭീഷണിയാണെന്നും പ്രിയങ്ക പറഞ്ഞു.
English Summary
Priyanka Gandhi, the MP for Wayanad, expressed dissatisfaction during her visit to the constituency. The CRPF had arranged heavy security for her tour across various areas of Wayanad, a move she objected to. Priyanka Gandhi stated that she did not require such a large security detail and noted that the excessive number of security personnel caused significant inconvenience to the general public. She warned that if such measures were repeated, she would not provide advance notice of her visits to the constituency.