A Padmakumar : ശബരിമലയിൽ പ്രളയം മുതൽ സർവ്വതിനും സാക്ഷി, സ്വർണപാളിയിൽ ജയിലിലേക്ക്, ആരാണ് എ പദ്മകുമാർ?
ഏറ്റവും ഒടുവിലത്തെ സിപിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി പുന:സംഘടനയിൽ ഉൾപ്പെടുത്താതെ പോയത് പദ്മകുമാറിനെ സംബന്ധിച്ചിടത്തോളം വലിയൊരു അടി തന്നെയായിരുന്നു. അതൃപ്തി അദ്ദേഹം പരസ്യമായി രേഖപ്പെടുത്തുകയും ചെയ്തു
മന്ത്രി സ്ഥാനം ഒഴിച്ചുള്ളതെല്ലാം കൊടുത്ത് സിപിഎം ഉയർത്തിക്കൊണ്ടു വന്ന നേതാക്കളിൽ ഒരാളാണ് ആറന്മുളക്കാരമായ എ പദ്മകുമാർ. സിപിഎമ്മിൻ്റെ യുവജന പ്രസ്ഥാനത്ത് നിന്നും സജീവ രാഷ്ട്രീയത്തിലേക്കുള്ള എ പദ്മകുമാറിൻ്റെ ഉയർച്ച വേഗത്തിലായിരുന്നു. ഇടയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡൻ്റ്, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സിപിഐ (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം, പത്തനംതിട്ട ഗ്രന്ഥശാല സംഘം ജില്ലാസെക്രട്ടറി, കേരള കർഷക സംഘം, പത്തനംതിട്ട ജോയിൻ്റ് സെക്രട്ടറി തുടങ്ങിയ പദവികൾ കയറി ഇറങ്ങി പോയി. 1991 മുതൽ 1996 വരെ കോന്നി എംഎൽഎ ആയിരുന്നു പദ്മകുമാർ.
കുറച്ചു കൂടി വൃക്തമായി പറഞ്ഞാൽ കെയു ജെനീഷ്കൂമാറിന് മുൻപ് കോന്നി നിയോജക മണ്ഡലത്തിലെ ഏക സിപിഎം എംഎൽഎ. 1996 മുതൽ 2016 വരെ അടുർ പ്രകാശം മണ്ഡലം അടക്കി വാണ കാലത്ത് സിപിഎം സ്ഥാനാർഥികൾ അപ്രസക്തരായി മാറിയത് മറ്റൊരു കഥ.മുതിർന്ന സിപിഎം നേതാവായിട്ടും എ പദ്മകുമാറിനെ സ്വർണ്ണക്കൊള്ളയിൽസ സിപിഎമ്മോ, എൽഡിഎഫോ സംരക്ഷിച്ചില്ല. 2017 മുതൽ 2019 വരെയായിരുന്നു പദ്മകുമാറിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായുള്ള കാലയളവ്. പ്രളയമടക്കം അസാധാരണ പ്രതിസന്ധികളെല്ലാം അക്കാലത്ത് ശബരിമലയിലുണ്ടായതും മറ്റൊരു വസ്തുത. എങ്കിലും പൊതുപ്രവർത്തകന് വേണ്ടിയിരുന്ന ജാഗ്രതക്കുറവിൽ ഇത്തവണ പദ്മകുമാറും വീണു.
ALSO READ: ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാർ അറസ്റ്റിൽ
യഥാർത്ഥത്തിൽ പദ്മകുമാർ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു പുകഞ്ഞ കൊള്ളിയാണ്. അതിന് തക്കതായ കാരണവുമുണ്ട്. ഏറ്റവും ഒടുവിലത്തെ സിപിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി പുന:സംഘടനയിൽ ഉൾപ്പെടുത്താതെ പോയത് പദ്മകുമാറിനെ സംബന്ധിച്ചിടത്തോളം വലിയൊരു അടി തന്നെയായിരുന്നു. അതൃപ്തി അദ്ദേഹം പരസ്യമായി അത് രേഖപ്പെടുത്തുകയും ചെയ്തു. പ്രശ്നം അവിടെയും തീർന്നില്ല. കൊല്ലത്തെ സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് എ.പത്മകുമാർ രോഷത്തോടെയാണ് മടങ്ങിയത്.
ഒപ്പം ഫേസ്ബുക്കിൽ പത്മകുമാർ തൻ്റെ മാറ്റിയ പ്രൊഫൈൽ ചിത്രത്തിൻ്റെ അടിക്കുറിപ്പായി ‘വഞ്ചന, വിശ്വാസവഞ്ചന, അപമാനം 52 വർഷത്തെ ബാലൻസ് ഷീറ്റ്,ലാൽ സലാം എന്നെഴുതിയാണ് തൻ്റെ പ്രതിഷേധനം പദ്മകുമാർ അറിയിച്ചത്. ഇത് പിന്നീട് നീക്കം ചെയ്തു. പിന്നീടൊരിക്കൽ പദ്മകുമാർ പാർട്ടി മാറുമെന്ന് പോലും ചില ചർച്ചകൾ ഉയർന്നു വന്നു. എന്നാൽ അതിനോട് പദ്മകുമാർ പറഞ്ഞത് ഇപ്രകാരമാണ്
“കുടുംബത്തിലെ ഒരാൾ പാർട്ടിയിൽ ഉണ്ടായിരുന്നതുകൊണ്ടല്ല ഞാൻ സിപിഎമ്മിൽ ചേർന്നത്. പ്രത്യയശാസ്ത്രപരമായ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഞാൻ എസ്എഫ്ഐയുടെ പ്രവർത്തകനായത്. പരസ്യമായി വിമർശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് എനിക്കറിയാം. പാർട്ടിയാണ് തീരുമാനമെടുക്കേണ്ടത്, അത് ഏത് നടപടിയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്,” മനുഷ്യനായിരിക്കുമ്പോൾ, ശരികളും തെറ്റുകളും ഉണ്ടാകും. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുന്ന ഒരു പാർട്ടിയാണ് സിപിഎം. ഞാൻ മരിക്കുമ്പോൾ എന്റെ നെഞ്ചിൽ ഒരു ചെങ്കൊടി ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു- ആ വിവാദം അവിടെ അവസാനിച്ചു. ഇനിയെന്തായാലും കേസിൻ്റെ മുന്നോട്ട് പോക്ക് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം എടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സ്വർണ്ണക്കൊള്ളയിലെ നപടികൾ.