Paravur Moneylender Torture Death: പലിശക്കാരുടെ ഭീഷണി; പറവൂരിൽ വീട്ടമ്മ പുഴയിൽ ചാടി മരിച്ചു; റിട്ട.പോലീസുകാരനെതിരെ പരാതി
Woman Jumps Into River and Dies in Paravur: പത്ത് ലക്ഷം രൂപ ആശ കടം വാങ്ങിയിട്ടുണ്ടെന്നാണ് പ്രദീപും ഭാര്യയും പറഞ്ഞതെന്ന് ആശയുടെ ഭർത്താവ് ബെന്നി പറയുന്നു. അപ്പോൾ മാത്രമാണ് താൻ ഇക്കാര്യം അറിയുന്നതെന്നും അദ്ദേഹം പറയുന്നു.

ആശ ബെന്നി
കൊച്ചി: പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയെന്ന് പരാതി. കൊച്ചിയിലെ പറവൂരിലാണ് സംഭവം. കോട്ടുവള്ളി സ്വദേശിനി ആശാ ബെന്നി (42) ആണ് മരിച്ചത്. റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ പ്രദീപിനും ഭാര്യ ബിന്ദുവിനും എതിരെയാണ് ആശയുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നത്.
റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും ഇവരുടെ അയല്വാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കിയതിന് പുറമെ വീണ്ടും പണം ആവശ്യപ്പെട്ടതിൽ മനംനൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഇത് സൂചിപ്പിക്കുന്ന ഒരു കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബിന്ദുവിൽ നിന്ന് പത്ത് ലക്ഷം രൂപയാണ് ആശ വട്ടിപലിശയ്‌ക്കെടുത്തത്. ഇതിന് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ട് ബിന്ദുവും ഭർത്താവും ഭീഷണിപ്പെടുത്തി എന്നാണ് കുടുംബത്തിന്റെ പരാതി.
പണമിടപാട് വിഷയത്തെ തുടർന്ന് ഇതിന് മുൻപും ആശ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത് മൂലം, നാല് ദിവസത്തോളം അന്ന് ആശുപത്രിയിൽ കഴിയേണ്ടിയും വന്നിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസിന്റെ ഭാഗത്ത് വീഴച പറ്റിയെന്നും, വേണ്ടവിധത്തിൽ ഇടപെട്ടില്ലെന്നും കുടുംബം ആരോപിച്ചു.
ALSO READ: കേരളാ ഹൈക്കോടതിയിൽ മരപ്പട്ടി ശല്യം, ദുർഗന്ധവും ശല്യവും സഹിക്കാനാകാതെ നടപടികൾ തടസപ്പെട്ടു
ബിന്ദുവും ഭർത്താവും ചേർന്ന് ഭീഷണി മുഴക്കിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ആലുവ റൂറല്‍ എസ്പിക്ക് ആശ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പറവൂർ പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ഇവർ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇത് മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം പറയുന്നു.
ഇന്ന് (ഓഗസ്റ്റ് 20) രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിൽ വച്ച് ആശ ബെന്നിയുടെ പോസ്റ്റുമോർട്ടം നടക്കും. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. വൈകുന്നേരം മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.