5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

World Mosquito Day: ഇന്ന് ലോക കൊതുക് ദിനം; നിസാരക്കാരനല്ല… പ്രതിവർഷം കൊല്ലുന്നത് 105 പേരെ

World Mosquito Day 2024: ഡെങ്കിപ്പനി, മലേരിയ, സിക വൈറസ്, വെസ്റ്റ് നൈൽ പനി പോലെ വളരെ ഗൗരവമേറിയ പല രോഗങ്ങളും പരത്തുന്നത് അപകടകാരികളായ കൊതുകുകളാണ്. ഓരോ വർഷവും ഈ രോഗങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.

World Mosquito Day: ഇന്ന് ലോക കൊതുക് ദിനം; നിസാരക്കാരനല്ല… പ്രതിവർഷം കൊല്ലുന്നത് 105 പേരെ
World Mosquito Day.
neethu-vijayan
Neethu Vijayan | Published: 20 Aug 2024 07:13 AM

ഇന്ന് ഓഗസ്റ്റ് 20, ലോക കൊതുകുദിനം (World Mosquito Day). 1897-ൽ കൊതുകുകളും മലേറിയ പകരുന്നതും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിന് സർ റൊണാൾഡ് റോസിന്റെ സ്മരണയ്ക്കായാണ് ഓഗസ്റ്റ് 20-ന് ലോക കൊതുകു ദിനമായി ആചരിച്ച് പോന്നത്. കൊതുകുജന്യ രോഗങ്ങൾ, അഥവാ കൊതുകുകൾ പരത്തുന്ന രോഗങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഈ രോഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനെ കുറിച്ച് കൂടുതൽ അറിവുകൾ മറ്റുള്ളവരിലേക്ക് പകരുക എന്നതുമാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം. മനുഷ്യരിൽ മലേറിയ പരത്തുന്നത് പെൺകൊതുകാണെന്ന് റോസ് കണ്ടെത്തുകയും ചെയ്തിരുന്നു.

നമുക്കറിയാം ഡെങ്കിപ്പനി, മലേരിയ, സിക വൈറസ്, വെസ്റ്റ് നൈൽ പനി പോലെ വളരെ ഗൗരവമേറിയ പല രോഗങ്ങളും പരത്തുന്നത് അപകടകാരികളായ കൊതുകുകളാണ്. ഓരോ വർഷവും ഈ രോഗങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. അതിനാൽ തന്നെ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് വളരെയധികം പ്രാധാന്യമുള്ള സമയമാണിത്. കൊതുകുകൾ ഒന്നല്ല, പലതരമുണ്ട്. വിവിധ തരം കൊതുകുകളെ പരിചയപ്പെടാം.

ഏഷ്യൻ ടൈഗർ കൊതുകുകൾ

ഈഡിസ് അൽബോപിക്റ്റസ് എന്നും ഏഷ്യൻ ടൈഗർ കൊതുകുകൾ അറിയപ്പെടുന്നു. ഈ കൊതുക് തെക്കുകിഴക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൂടുതലായി കാണപെടുന്നത്. ചരക്കു സേവനങ്ങളുടെയും ആളുകളുടെയും ഗതാഗതം കൂടിയപ്പോൾ കൊതുക് നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഡെങ്കിപ്പനി പോലെയുള്ള വൈറസായ ചിക്കുൻഗുനിയയുടെ പ്രാഥമിക വാഹകൻ ഈ കൊതുകാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡെങ്കിപ്പനി, വെസ്റ്റ് നൈൽ വൈറസ്, ഈസ്റ്റേൺ എക്വിൻ എൻസെഫലൈറ്റിസ് തുടങ്ങിയ രോഗങ്ങളും ഈ കൊതുക് പരത്തുന്നുണ്ട്.

മഞ്ഞപ്പനി കൊതുക്

ഈഡിസ് ഈജിപ്തി എന്നും അറിയപ്പെടുന്ന ഈ കൊതുക് മഞ്ഞപ്പനി വൈറസ്, സിക്ക പനി, മായരോ ചിക്കുൻഗുനിയ, സിക്ക പനി എന്നിവ പരത്തുന്നവയാണ്. കാലുകളിൽ കറുപ്പും വെളുപ്പും അടയാളങ്ങളായതിനാൽ ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും.

മാർഷ് കൊതുക്

ജെ ഡബ്ല്യു മീഗൻ ആണ് 1818-ൽ ഇവയെ അനോഫിലിസ് അല്ലെങ്കിൽ മാർഷ് കൊതുകുകൾ എന്ന് പേര് നൽകിയത്. ചിറകുകളിൽ പുള്ളികളും ചെറിയ ശരീരവുമാണ് ഈ കൊതുകുകളുടെ പ്രത്യേകത. മലേറിയയ്ക്ക് കാരണമാകുന്ന ഏകകോശ ജീവികളായ പ്ലാസ്‌മോഡിയങ്ങളെ വഹിക്കുന്നത് മാർഷ് കൊതുകുകളാണ്. പുലർച്ചയ്ക്കും സന്ധ്യയ്ക്കുമാണ് ഇവ കൂടുതലായും പുറത്തിറങ്ങുക. മുട്ട വിരിയുന്ന ഇടങ്ങളിൽനിന്ന് ഒന്നുരണ്ട് കിലോമീറ്റർ വരെ പറക്കാനുള്ള കഴിവും ഇവർക്കുണ്ട്.

ക്യൂലെക്സ്

ക്യൂലെക്സ് കൊതുകകുൾ നമുക്ക് സുപരിചിതരായവരാണ്. മനുഷ്യരിലും പക്ഷികളിലും മറ്റ് മൃഗങ്ങളിലും ഒന്നിലധികം പ്രധാന രോഗങ്ങളുടെ വാഹകരിൽ ഒരാളാണിത്. താരതമ്യേന വലുപ്പം കൂടുതലാണിവയ്ക്ക്. ഇരിക്കുമ്പോൾ ഇവയുടെ ശരീരം മറ്റ് കൊതുകുവർഗങ്ങളെ അപേക്ഷിച്ച് പ്രതലത്തിന് സമാന്തരമായി കാണുന്നു. വെസ്റ്റ്‌നൈൽ പനി, ജപ്പാൻ മസ്തിഷ്‌കജ്വരം, സെന്റ് ലൂയിസ് മസ്തിഷ്‌കജ്വരം എന്നിവ പടർത്തുന്നത് ഇവയാമ്. അശുദ്ധജലത്തിൽ മുട്ടയിട്ടാണ് ഇവയുടെ വ്യാപനം. സന്ധ്യക്ക് ശേഷവും അർദ്ധരാത്രിയിലുമാണ് പുറത്ത് കാണപ്പെടുന്നത്. പ്രജനന സ്ഥലത്തു നിന്ന് 1012 കി.മീ പറക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.

ഈഡിസ്

ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ മേഖലകളിലും അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്ന കൊതുകുകളുടെ ഒരു ജനുസ്സാണ് ഈഡിസ് എന്ന് പറയപ്പെടുന്നത്. ഇവ മഞ്ഞപ്പനി, ചിക്കുൻഗുനിയ, സൈക്ക്, വെസ്റ്റ് നൈൽ, ഡെങ്കിപ്പനി എന്നീ രോ​ഗങ്ങൾക്ക് കാരണമാകുന്നു. വെള്ളവരകളോടെയാണ് ഇവയെ കാണുന്നത്. ടൈഗർ കൊതുകുകൾ എന്നും വിളിക്കാറുണ്ട്. എന്നാൽ പകൽ സമയങ്ങളിലും ഇവയെ കാണാൻ സാധിക്കും. ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഇവർക്ക് നൂറ് മീറ്റർ പരിധിയിലധികം പറക്കാൻ സാധിക്കില്ല.

ക്യൂലെക്സ് ട്രാസാലിസ്

വെസ്റ്റേൺ എൻസെഫലൈറ്റിസ് കൊതുക് എന്നാണ് ക്യൂലെക്സ് ട്രാസാലിസ് അറിയപ്പെടുന്നുണ്ട്. തെളിഞ്ഞ വെള്ളത്തിലാണ് ഇവയെ കാണുന്നത്. അതായത് കാർഷിക പ്രദേശങ്ങൾ, അനിയന്ത്രിതമായ നീന്തൽക്കുളങ്ങൾ, അരുവികൾ മുതലായവ. ഇത് സാധാരണയായി രാത്രിയിൽ കടിക്കുകയും ഒന്നിലധികം രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

കൊതുക് കടിയിൽ നിന്ന് എങ്ങനെ രക്ഷനേടാം

  1. സന്ധ്യാസമയത്ത് വീടിന് സമീപം തുളസിയില, വേപ്പില, ശീമക്കൊന്ന, കുരുമുളകിൻ്റെ ഇല തുടങ്ങിയവയൊക്കെ പുകയ്ക്കുന്നത് കൊതുകിൻ്റെ ശല്യം കുറയ്ക്കുന്നു.
  2. ഓടകളും വൃത്തിയാക്കുക, വീടിന് സമീപം കാണപ്പെടുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കുക.
  3. വീടിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ മലിനജലം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
  4. വെള്ളത്തിൽ ചെടികൾ വളർത്തുന്നുണ്ടെങ്കിൽ അതിൽ കൊതുക് മുട്ടയിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
  5. കൊതുകുകൾ കൂടുതലുള്ള പ്രദേശത്ത് കിടക്കുമ്പോൾ കൊതുക് വലകൾ ഉപയോഗിക്കുക.
  6. കൊതുകുകളെ ആകർഷിക്കുന്നതിനാൽ പുറത്ത് കടും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക.
  7. കട്ടിയുള്ള വസ്ത്രങ്ങളും അയഞ്ഞ വസ്ത്രങ്ങളും ധരിക്കുന്നത് കൊതുക് കടിയിൽ നിന്ന് കൂടുതൽ സംരക്ഷണം നൽകും.