Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന്റെ ‘വിധി’ എന്താകും? മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Rahul Mamkootathil's anticipatory bail: ബെംഗളൂരുവിലുള്ള അതിജീവിതയിൽനിന്ന് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പോലീസിന് പകരം കെപിസിസി അധ്യക്ഷന് കൊടുത്ത പരാതി രാഷ്ട്രീയപ്രേരിതമല്ലേ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യേപക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ആദ്യത്തെ കേസിൽ ഡിസംബർ 15 വരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ വിധി രാഹുലിന് നിർണായകമാണ്.
അതേസമയം, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തതാണ് പൊലീസ് നേരിടുന്ന വെല്ലുവിളി. പോലീസിന് പകരം കെപിസിസി അധ്യക്ഷന് കൊടുത്ത പരാതി രാഷ്ട്രീയപ്രേരിതമല്ലേ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. ബെംഗളൂരുവിലുള്ള അതിജീവിതയിൽനിന്ന് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അതിജീവിതയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
പത്ത് ദിവസമായി ഒളിവിൽ കഴിയുന്ന എംഎൽഎയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണസംഘത്തെ ക്രൈംബ്രാഞ്ച് നിയോഗിച്ചിട്ടുണ്ട്. ആദ്യസംഘത്തില്‍നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചത്. കർണ്ണാടകയിലെ വിവിധ ഫാം ഹൗസുകളിലും റിസോർട്ടുകളിലുമായാണ് രാഹുലിന്റെ ഒളിവ് ജീവിതമെന്നാണ് പോലീസിന്റെ നിഗമനം.
ALSO READ: രണ്ടാമത്തെ കേസില്‍ നിർണായക നടപടി; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാൻ പുതിയ അന്വേഷണസംഘം
അതിനിടെ, എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ബെംഗളൂരുവിൽ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലിനെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് എത്തിച്ചത് ഇവരാണെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പിടിച്ചെടുത്തിട്ടുണ്ട്.
ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോസിന് കേരളത്തിലെയും ബെംഗളൂരുവിലെയും കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. രാഹുലിനെ ഒളിവിൽ പോകാനായി കർണാടകയിൽ എല്ലാ സഹായവും ചെയ്തത് ജോസായിരുന്നുവെന്നും പോലീസ് പറഞ്ഞു.