Boiled Chicken Diet: വേവിച്ച ചിക്കൻ മാത്രം കഴിച്ച് ഡയറ്റ്; ചൈനീസ് ഇൻഫ്ലുവൻസർക്ക് സംഭവിച്ചത്….
Chinese Influencer's Boiled Chicken Diet: തുടക്കത്തിൽ ശരീരഭാരം കുറഞ്ഞുവെങ്കിലും, പിന്നീട് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടു. ചർമ്മം വിളറാനും കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെടാനും തുടങ്ങി. എന്നാൽ ഈ ലക്ഷണങ്ങളെ അവഗണിച്ച് യുവതി ഡയറ്റ് തുടരുകയായിരുന്നു.

പ്രതീകാത്മക ചിത്രം
അമിത വണ്ണം അകറ്റുന്നതിനും ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായും ഡയറ്റ് എടുക്കുന്നത് സർവസാധാരണമാണ്. എന്നാൽ അശാസ്ത്രീയമായിട്ടുള്ള ചില പരീക്ഷണങ്ങൾ ജീവന് തന്നെ അപകടമായേക്കാം. ഇപ്പോഴിതാ, ആറുമാസം വേവിച്ച ചിക്കൻ ബ്രസ്റ്റും പച്ചക്കറികളും മാത്രം കഴിച്ച് ഡയറ്റ് ചെയ്ത 25 വയസ്സുകാരിയായ ചൈനീസ് ഇൻഫ്ലുവൻസർക്ക് സംഭവിച്ചതാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
കൊഴുപ്പും (Fat) കാർബോഹൈഡ്രേറ്റും പൂർണ്ണമായും ഒഴിവാക്കിയുള്ള ഭക്ഷണരീതിയാണ് ചൈനീസ് ഇൻഫ്ലുവൻസർ പിന്തുടർന്നത്. വേവിച്ച ചിക്കൻ ബ്രസ്റ്റ്, കോളിഫ്ലവർ, വളരെ കുറഞ്ഞ അളവിൽ ഉരുളക്കിഴങ്ങ് എന്നിവ മാത്രമായിരുന്നു മാസങ്ങളോളം ഇവരുടെ ആഹാരം. തുടക്കത്തിൽ ശരീരഭാരം കുറഞ്ഞുവെങ്കിലും, പിന്നീട് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടു. ചർമ്മം വിളറാനും കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെടാനും തുടങ്ങി.
എന്നാൽ ഈ ലക്ഷണങ്ങളെ അവഗണിച്ച് യുവതി ഡയറ്റ് തുടരുകയായിരുന്നു. ഒടുവിൽ കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗുരുതര രോഗം കണ്ടെത്തിയത്. പരിശോധനയിൽ യുവതിക്ക് ‘അക്യൂട്ട് സിവിയർ പാൻക്രിയാറ്റൈറ്റിസ്’ (Acute Severe Pancreatitis) ആണെന്ന് കണ്ടെത്തി.
ALSO READ: കറിവേപ്പില വെറുതെ കളയല്ലേ, പ്രമേഹം മാറ്റാൻ ഇതിലും വലിയ മരുന്നില്ല!
പാൻക്രിയാസിലെ എൻസൈമുകൾ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുകയും അത് ആ അവയവത്തെ തന്നെ ദഹിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ് അക്യൂട്ട് സിവിയർ പാൻക്രിയാറ്റൈറ്റിസ്. യുവതിയുടെ പാൻക്രിയാസിന്റെ ഭൂരിഭാഗവും നശിച്ചതായും നില അതീവ ഗുരുതരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
കൊഴുപ്പും കാർബോഹൈഡ്രേറ്റും ദീർഘകാലം പൂർണ്ണമായി ഒഴിവാക്കിയത് ദഹന പ്രക്രിയയെയും എൻസൈമുകളുടെ ഉൽപ്പാദനത്തെയും തകിടം മറിച്ചു. ശരീരത്തിന് ഊർജ്ജം നൽകാനും കോശങ്ങളുടെ പ്രവർത്തനത്തിനും നിശ്ചിത അളവിൽ എല്ലാ പോഷകങ്ങളും ആവശ്യമാണ്. എന്നാൽ തീർത്തും അശാസ്ത്രീയമായ ഈ ഭക്ഷണക്രമം പാൻക്രിയാസിനെ തകരാറിലാക്കുകയായിരുന്നു.
പാൻക്രിയാറ്റൈറ്റിസ്: ലക്ഷണങ്ങൾ
ഓക്കാനം, ഛർദ്ദി
വേഗത്തിലുള്ള ഹൃദയമിടിപ്പ്
വേഗത്തിലുള്ളതും ആഴമില്ലാത്തതുമായ ശ്വസനം
കടുത്ത പനി
വിശപ്പില്ലായ്മയും ഭാരക്കുറവും
ഭക്ഷണം കഴിച്ചാലുടൻ അനുഭവപ്പെടുന്ന വേദന