Sanju Samson: ‘സഞ്ജുവിനെ അങ്ങനെ കാണുന്നത് വിചിത്രമായിരിക്കും; റണ്‍സ് നേടില്ലെന്നാണ് പ്രതീക്ഷ’
Shane Bond talks about Sanju Samson: സഞ്ജു സാംസണ്‍ സിഎസ്‌കെയുടെ ഭാഗമായതാണ് ഐപിഎല്‍ 2026 സീസണിലെ പ്രധാന സവിശേഷത. രാജസ്ഥാന്‍ റോയല്‍സുമായുള്ള 11 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ചെന്നൈയിലെത്തിയത്
സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായതാണ് ഐപിഎല്‍ 2026 സീസണിലെ പ്രധാന സവിശേഷത. രാജസ്ഥാന്‍ റോയല്‍സുമായുള്ള 11 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് സഞ്ജു ചെന്നൈയിലെത്തിയത്. പിങ്ക് കുപ്പായം ഉപേക്ഷിച്ച് സഞ്ജു മഞ്ഞ ജഴ്‌സിയില്‍ കളിക്കുന്നത് ചിലര്‍ ആകാംക്ഷയോടെയും, മറ്റു ചിലര്‍ സങ്കടത്തോടെയും കാത്തിരിക്കുന്നു. സഞ്ജുവിനെ മഞ്ഞ ജഴ്‌സിയില്‍ കാണുന്നത് വിചിത്രമായി തോന്നുന്നുവെന്ന് റോയല്‍സിന്റെ ഫാസ്റ്റ് ബൗളിങ് പരിശീലകന്‍ ഷെയ്ന്‍ ബോണ്ട് പറഞ്ഞു. ‘ദി ക്വിന്റി’ന് നല്‍കിയ അഭിമുഖത്തിലാണ് ബോണ്ട് മനസ് തുറന്നത്.
ഇത്തവണത്തെ ഐപിഎല്ലിലാണ് കൂടുതല്‍ ‘ട്രേഡിങ്’ നീക്കങ്ങള്‍ കണ്ടത്. മുന്‍ സീസണുകളില്‍ അങ്ങനെ സംഭവിക്കാത്തത് അത്ഭുതമാണെന്നും ബോണ്ട് പറഞ്ഞു. ഫുട്‌ബോള്‍ പോലുള്ള മറ്റ് കായിക ഇനങ്ങളില്‍ ട്രേഡിങ് സര്‍വസാധാരണമാണ്. സഞ്ജുവിനൊപ്പം പ്രവര്‍ത്തിച്ചത് വളരെ ആസ്വദിച്ചിരുന്നെന്നും ബോണ്ട് പറഞ്ഞു.
സഞ്ജു തമാശക്കാരനാണ്. അദ്ദേഹത്തിന് നര്‍മബോധം കൂടുതലാണ്. തങ്ങള്‍ നന്നായി കണക്റ്റ് ചെയ്തു. മഞ്ഞ ജഴ്‌സിയില്‍ അദ്ദേഹത്തെ കാണുന്നത് വിചിത്രമായിരിക്കുമെന്ന് തോന്നുന്നു. പക്ഷേ, ആ കുസൃതി നിറഞ്ഞ പുഞ്ചിരി തനിക്ക് ഇപ്പോഴും കാണാനാകുമെന്ന് ഉറപ്പുണ്ടെന്നും ഷെയ്ന്‍ ബോണ്ട് മനസ് തുറന്നു.
റണ്‍സ് നേടില്ലെന്ന് പ്രതീക്ഷിക്കുന്നു
അദ്ദേഹം തങ്ങള്‍ക്കെതിരെ റണ്‍സ് നേടില്ലെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഒരുമിച്ച് സമയം ചെലവഴിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ശ്രദ്ധിക്കും. എവിടെയായിരുന്നാലും അദ്ദേഹം നന്നായി ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഷെയ്ന്‍ ബോണ്ട് കൂട്ടിച്ചേര്‍ത്തു.
രവീന്ദ്ര ജഡേജ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയതിനെക്കുറിച്ചും ബോണ്ട് മനസ് തുറന്നു. ജഡേജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നുവെന്നായിരുന്നു ബോണ്ടിന്റെ പ്രതികരണം. അദ്ദേഹം പരിചയസമ്പന്നനും മികച്ച താരവുമാണ്. കഴിഞ്ഞ സീസണ്‍ റോയല്‍സിന് ബുദ്ധിമുട്ടേറിയതായിരുന്നു. പരിശീലക സ്റ്റാഫിലും താരങ്ങളിലും ഇത്തവണ ചില പ്രധാന മാറ്റങ്ങളുണ്ടെന്നും ഷെയ്ന്‍ ബോണ്ട് പറഞ്ഞു.
യുവത്വവും പരിചയസമ്പത്തും ഒരുപോലെ ടീമിനുണ്ട്. കഴിഞ്ഞ വര്‍ഷം ലീഡര്‍ഷിപ്പിന്റെയും പരിചയസമ്പത്തിന്റെയും കുറവുണ്ടായിരുന്നു. സാം കറന്‍, രവീന്ദ്ര ജഡേജ തുടങ്ങിയവരെ ടീമിലെത്തിച്ച് അത് പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ബട്ട്‌ലർ, ബോൾട്ട്, അശ്വിൻ തുടങ്ങിയ താരങ്ങളുണ്ടായിരുന്നപ്പോള്‍ ലഭിച്ചിരുന്ന പരിചയസമ്പത്ത് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഇതിനകം നല്ലൊരു ടീമുണ്ട്. ഗ്രൂപ്പിന് ചുറ്റും ഒരു പുതിയ ഊർജ്ജമുണ്ട്. ശുഭാപ്തിവിശ്വാസത്തോടെയാണ് ഓരോ സീസണിലും ഇറങ്ങുന്നത്. ഓരോ ടീമും വളരെ ശക്തമാണെന്നും ഷെയ്ന്‍ ബോണ്ട് വ്യക്തമാക്കി.