Durian Fruit: ഗുണങ്ങളിൽ മുന്നിൽ, മണമോ അസഹ്യം! ഈ പഴങ്ങളുടെ രാജാവിനെ അറിയാമോ
Durian, the smelliest fruit in the world: മലേഷ്യയിലും ഇന്തോനോഷ്യയിലുമൊക്കെയാണ് ദുരിയൻ പഴം സാധാരണയായി കാണപ്പെടുന്നത്. മണം അസഹ്യമാണെങ്കിലും ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ ഇവയോട് ഏറ്റുമുട്ടാൻ കുറച്ച് പ്രയാസമാണ്.
സിംഗപ്പൂർ സന്ദർശിച്ചക്കാനെത്തിയ ചൈനീസ് വിനോദസഞ്ചാരിക്ക് ഹോട്ടൽക്കാർ നൽകിയത് 200 സിംഗപ്പൂർ ഡോളർ പിഴ, അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 13,000 രൂപ. എന്തിനായിരുന്നു പിഴ എന്നറിയാമോ? ഒരു പഴം ഹോട്ടലിൽ കയറ്റിയതിന്, ഞെട്ടിയല്ലേ? സംഗതി സത്യമാണ്.
ഹോട്ടലിന്റെ നിയമം ലംഘിച്ച് വിനോദസഞ്ചാരി കൊണ്ട് വന്നത് അതിരൂക്ഷ ഗന്ധത്തിന് പേരുകേട്ട ദുരിയൻ പഴമായിരുന്നു. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന തെക്കുകിഴക്കന്‍ എഷ്യക്കാരനായ പഴവർഗമാണിത്. നമ്മുടെ നാട്ടിലെ ചക്കയോട് സാമ്യം തോന്നുന്ന ഈ പഴം ആരോഗ്യഗുണങ്ങളിൽ ഏറെ മുന്നിലാണ്. കൂർത്തുമൂർത്ത നീളൻ കട്ടിമുള്ളുകളുള്ള ദുരിയാൻ പഴത്തെ പരിചയപ്പെട്ടാലോ…
മലേഷ്യയിലും ഇന്തോനോഷ്യയിലുമൊക്കെയാണ് ദുരിയൻ പഴം സാധാരണയായി കാണപ്പെടുന്നത്. ഉള്‍വശം ചക്കയിലെ ചുളകള്‍ പോലെയുണ്ടാകും. ചക്കക്കുരുവിനേക്കാള്‍ വലുപ്പത്തിലുള്ള വിത്തുകള്‍ ഉണ്ടാകും. മധുരപലഹാരങ്ങൾ, ബിസ്കറ്റ്, ഐസ്ക്രീം, മിൽക് ഷേക്ക് എന്നിവ തയ്യാറാക്കാനാണ് ദുരിയൻ പഴം കൂടുതലും ഉപയോഗിക്കുന്നത്. അസഹ്യമായ മണമാണ് ഇവയ്ക്കുള്ളത്. നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും പല ആളുകളും ഇത് കഴിക്കാൻ മടിക്കാറുണ്ട്, കാരണം അവയുടെ ഈ രൂക്ഷഗന്ധം തന്നെ.
മണം അസഹ്യമാണെങ്കിലും ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ ഇവയോട് ഏറ്റുമുട്ടാൻ കുറച്ച് പ്രയാസമാണ്. ദുരിയൻ പഴം ശരീരത്തിലെ സീറോടോണിൻ നില ഉയർത്തുന്നത് വഴി ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുകയും ക്ഷീണം അകറ്റുകയും ചെയ്യുന്നു. പേശീ നിർമാണത്തിനും വിവിധ അവയവങ്ങളുടെ സുഖകരമായ പ്രവർത്തനത്തിനും ഇവ സഹായകരമാണ്. കൂടാതെ, ശ്വാസകോശവും ശ്വസനേന്ദ്രിയങ്ങളും ശുദ്ധീകരിച്ച് കഫക്കെട്ട് അകറ്റാനും രക്തശുദ്ധീകരണത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഇവ ഗുണകരമാണ്.