Diabetes Skin Symptoms: ചർമത്തിൽ ഈ പാടുകൾ ഉണ്ടോ? പ്രമേഹത്തിന്റെ ലക്ഷണമാകാം!
Symptoms of Diabetes: കൃത്യസമയത്ത് ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ രോഗം ഗുരുതരമാകാതെ നിയന്ത്രിക്കാൻ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുമ്പോൾ ചർമ്മത്തിൽ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കിയാലോ.....

പ്രതീകാത്മക ചിത്രം
ജീവിതശൈലീ രോഗങ്ങളിൽ ഇന്ന് ഏറ്റവും ഭയാനകമായ രീതിയിൽ പടരുന്ന ഒന്നാണ് പ്രമേഹം. പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ രീതിയിൽ വർദ്ധിച്ച ശേഷമായിരിക്കും പലരും രോഗവിവരം തിരിച്ചറിയുന്നത്. എന്നാൽ നമ്മുടെ ശരീരം ചർമ്മത്തിലൂടെ ചില ലക്ഷണങ്ങൾ കാണിച്ചുതരാറുണ്ട്.
ഇവ കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ രോഗം ഗുരുതരമാകാതെ നിയന്ത്രിക്കാൻ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുമ്പോൾ ചർമ്മത്തിൽ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കിയാലോ…..
പ്രമേഹം – ചർമത്തിലുണ്ടാകുന്ന ലക്ഷണങ്ങൾ
ചർമ്മത്തിലെ കറുത്ത പാടുകൾ: കഴുത്തിന് പിന്നിലും, കക്ഷങ്ങളിലും, കൈമുട്ടുകളിലും കാണപ്പെടുന്ന കറുത്ത നിറത്തിലുള്ള തടിച്ച പാടുകൾ പ്രമേഹത്തിന്റെ പ്രധാന ലക്ഷണമാണ്. സ്പർശിക്കുമ്പോൾ വെൽവെറ്റ് പോലെ തോന്നിക്കുന്ന ഈ പാടുകൾ ശരീരം ഇൻസുലിനോട് പ്രതികരിക്കാത്തതിന്റെ സൂചനയാണ്.
ചൊറിച്ചിലും വരണ്ട ചർമ്മവും: രക്തയോട്ടം കുറയുന്നതും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതും ചർമ്മം അമിതമായി വരണ്ടുപോകാൻ കാരണമാകുന്നു. പ്രത്യേകിച്ച് കാലുകളിലും കൈകളിലും അനുഭവപ്പെടുന്ന അസഹനീയമായ ചൊറിച്ചിൽ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവിനെ സൂചിപ്പിക്കുന്നു.
ഉണങ്ങാത്ത മുറിവുകൾ: സാധാരണയുണ്ടാകുന്ന ചെറിയ മുറിവുകളോ പോറലുകളോ ഉണങ്ങാൻ വളരെയധികം സമയമെടുക്കുന്നുണ്ടെങ്കിൽ അത് പ്രമേഹ സാധ്യതയാണ്. ഉയർന്ന പഞ്ചസാരയുടെ അളവ് രക്തചംക്രമണത്തെ ബാധിക്കുകയും മുറിവുകൾ ഉണങ്ങാനുള്ള കോശങ്ങളുടെ ശേഷി കുറയ്ക്കുകയും ചെയ്യുന്നു.
ALSO READ: അത്ര നിസ്സാരമല്ല തൈറോയ്ഡിന്റെ കാരണങ്ങൾ, ഈ ശീലങ്ങൾ ഒന്നു മാറ്റി നോക്കൂ
ചർമ്മത്തിലെ കുമിളകൾ: പൊള്ളലേറ്റത് പോലെ ചർമ്മത്തിൽ അങ്ങിങ്ങായി ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടാം. കൈകളിലും കാലുകളിലും സാധാരണയായി കാണപ്പെടുന്ന ഇവ വേദനയില്ലാത്തവയായിരിക്കും. പ്രമേഹ ബാധിതരിൽ അപൂർവ്വമായി കാണപ്പെടുന്ന ഒരു ലക്ഷണമാണിത്.
പാലുണ്ണികൾ: കഴുത്തിലും കക്ഷങ്ങളിലും ധാരാളമായി പാലുണ്ണികൾ പ്രത്യക്ഷപ്പെടുന്നത് ഇൻസുലിൻ പ്രതിരോധത്തിന്റെ മറ്റൊരു ലക്ഷണമാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം അനാവശ്യ വളർച്ചകളെ ഗൗരവത്തോടെ കാണണം.
ഫംഗൽ അണുബാധകൾ: വിരലുകൾക്കിടയിലും നഖങ്ങൾക്കിടയിലും സ്തനങ്ങൾക്ക് താഴെയും ഇടയ്ക്കിടെയുണ്ടാകുന്ന ഫംഗസ് അണുബാധകൾ പ്രമേഹത്തിന്റെ ലക്ഷണമാകാം. ചുവന്ന നിറത്തിലുള്ള തിണർപ്പുകളും ചൊറിച്ചിലും ഇതിന്റെ ഭാഗമായി ഉണ്ടാകാം.